മുണ്ടക്കയം: എല്ലാം തോന്നുംപടി. ഇതോടെ അപകടങ്ങൾ തുടർക്കഥയും. കൃത്യമായ ഗതഗത സംവിധാനങ്ങൾ ഇല്ലാത്തതിനാൽ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബസ് സ്റ്റാന്റിനുള്ളിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. ട്രിപ്പുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ബസുകൾ സ്റ്റാന്റിന്റെ ഒരു വശത്ത് സ്റ്റാർട്ട് ചെയ്ത് ഇടുകയാണ് പതിവ്. ബസുകൾക്കായി പ്രത്യേക പാർക്കിംഗ് ക്രമീകരണം ഇല്ലാത്തതാണ് പലപ്പോഴും സ്റ്റാന്റിൽ അപകടങ്ങൾക്ക് വഴിവെയ്ക്കുന്നത്. സ്വകാര്യ വാഹനങ്ങൾ കൂടി കടന്നുവരുന്നതോടെ പലപ്പോഴും വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

പ്രഖ്യാപിച്ചു,​ പക്ഷേ ഒന്നും നടപ്പായില്ല

ബസ് സ്റ്റാന്റിലെ അപകടങ്ങൾ ഒഴുവാക്കുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച ഗതാഗത പരിഷ്‌കരണങ്ങൾ ഒന്നും നടപ്പായില്ല. ബസുകൾ ഇറങ്ങി വരുന്ന പാതയിൽ നിർത്തിയിടരുത്,​ ദേശീയപാതയിൽ പ്രവേശിച്ച് കഴിഞ്ഞാൽ പിന്നെ പെട്രോൾ പമ്പ് കവലയിൽ അല്ലാതെ ഇടയ്ക്ക് നിർത്തരുത് തുടങ്ങിയ നിർദേശങ്ങളും പാളി.