
കോട്ടയം : റബർ വില കുതിച്ച് ഉയരേണ്ട കാലത്ത് കർഷക പ്രതീക്ഷകൾക്ക് മേൽ വിള്ളൽ വീഴ്ത്തി ഇലപൊഴിച്ചിൽ. റബർ മരങ്ങളുടെ ഇലകൾ പൂർണമായും കൊഴിയുന്നതോടെ ഉത്പാദനം കുറവ് കാരണം ടാപ്പിംഗ് നിറുത്തിവയ്ക്കേണ്ട ഗതികേടിലാണ് പലരും. ഇക്കുറി പകൽ സമയത്തെ കനത്ത ചൂടും രാത്രിയിലുള്ള മൂടൽ മഞ്ഞും ഉത്പാദനത്തെ കാര്യമായി ബാധിച്ചു. ഉത്പാദന കുറവ് വില ഉയർത്തേണ്ടതാണെങ്കിലും ടയർ ലോബി വിപണിയിൽ നിന്ന് വിട്ടു നിന്ന് വില ഇടിക്കാൻ നോക്കി. മലയോര മേഖലയിലെ 75 ശതമാനം കുടുംബങ്ങളും റബറിനെ ആശ്രയിച്ച് ഉപജീവനം നയിക്കുന്നവരാണ്. എല്ലാ വേനൽക്കാലങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി സ്ഥിതി രൂക്ഷമാണ്. വൻകിട എസ്റ്റേറ്റുകളിൽ പലപ്പോഴും വേനൽ കാലത്ത് ടാപ്പിംഗ് നിറുത്തിവയ്ക്കുകയാണ് പതിവ്. എന്നാൽ മരം വെട്ടി പാലെടുത്ത് ഷീറ്റുകളാക്കി അന്നന്നത്തേയ്ക്ക് ഉപജീവനം തേടുന്ന ചെറുകിട കർഷകരുടെ ജീവിതം ദുരിതത്തിലാകും. മരത്തിന്റ പട്ടയിൽ തണുത്ത മണ്ണ് പൊത്തിവച്ച് ചൂടിൽ നിന്ന് രക്ഷിക്കുക മാത്രമാണ് പരിഹാരം. എന്നാൽ അതത്ര എളുമല്ല.
കൃഷി ഉപേക്ഷിക്കണോ ഞങ്ങൾ
1500 ബാരൽ റബർപ്പാൽ കഴിഞ്ഞ വർഷം ലഭിച്ച സ്ഥാനത്ത് ഉത്പാദനം നാലിലൊന്നായി കുറഞ്ഞ് 400 ബാരൽ വരെ താഴ്ന്നു. ഉത്പാദനം കുറഞ്ഞിട്ടും വില ഉയരാത്തത് കൂടുതൽ റബർ സ്റ്റോക്ക് ചെയ്യാൻ തയ്യാറാകാതെ വ്യവസായികൾ വിപണിയൽ നിന്ന് മാറി നിന്നതിനാലാണ്. കേരളത്തിൽ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന മാറ്റം മറികടക്കാനായില്ലെങ്കിൽ വരും മാസങ്ങളിൽ ഉത്പാദനം വൻതോതിൽ കുറയും. കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതാരാകും. റബർബോർഡ് വിലയും കോട്ടയത്തെയും കൊച്ചിയിലെയും വ്യാപാരി വിലയിലുമുള്ള വ്യത്യാസവും കർഷകർക്ക് തിരിച്ചടിയായി. റബർ ഉത്പാദനത്തിൽ മുന്നിലുള്ള കോട്ടയത്തെ കർഷകർക്ക് കിലോയ്ക്ക് അഞ്ച് രൂപ കുറച്ചേ ലഭിക്കുന്നുള്ളൂ.
അന്താരാഷ്ട്ര വിപണിയിലും മങ്ങൽ
അന്താരാഷ്ട്ര തലത്തിൽ കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന തായ്‌ലൻഡിൽ കനത്ത മഴ കാരണം ഉത്പാദനം കുറഞ്ഞു. ഇൻഡോനേഷ്യ, മലേഷ്യ ചൈന, ജപ്പാൻ വിപണികളിലും ഇതിന്റെ പ്രതിഫലനമുണ്ടായി.
ആർ.എസ്.എസ് ഫോറിന് : 155 രൂപ
ആർ.എസ്.എസ് ഫൈവിന് : 151
കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം കുറഞ്ഞതോടെ ചെലവ് കൂടി വരുമാനം കറഞ്ഞു. കേന്ദ്ര - സംസ്ഥാന സർക്കാരും റബർ ബോർഡും അടിയന്തിര ഇടപെടൽ നടത്തുന്നില്ലെങ്കിൽ റബർ കൃഷി മുന്നോട്ടു കൊണ്ടു പോകാനാകില്ല.
-ജോസഫ് കുഞ്ഞ് (റബർ കർഷകൻ )