
കോട്ടയം: ട്രെയിനിൽ മറന്നുവച്ച കണ്ണടയെടുക്കാൻ തിരിച്ചു കയറിയശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി പരിയാരം ഇടശേരിക്കുന്നേൽ ജോർജ് വർക്കിയുടെ (ഇടശേരിയിൽ കുന്നേൽ വൺ ഗ്രാം ഗോൾഡ് ജുവലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ) മകൻ ദീപക് ജോർജ് വർക്കിയാണ് (26) മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 ഓടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
പൂനെയിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരുന്ന ദീപക് കോഴ്സ് പൂർത്തിയാക്കിയ ശേഷം പൂനെ- കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ബാഗുകൾ ഇറക്കിയ ശേഷമാണ് കണ്ണടയുടെ കാര്യം ഓർത്തത്. തുടർന്ന് തിരിച്ച് കയറി കണ്ണട എടുത്ത് മടങ്ങിയപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്ഫോം വിട്ടിരുന്നു. ചാടിയിറങ്ങാൻ ശ്രമിച്ചപ്പോൾ ട്രെയിനിന്റെ അടിയിൽപ്പെട്ടു. ശരീരം രണ്ടായി മുറിഞ്ഞു.
കൂട്ടിക്കൊണ്ടു പോകാനെത്തിയ സുഹൃത്തുക്കൾ ദീപക്കിനെ കാണാതായതോടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടാത്തതിനെ തുടർന്ന് ചങ്ങനാശേരി, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിലടക്കം അന്വേഷിച്ചു. കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ തിരക്കിയപ്പോഴാണ് അപകട വിവരം അറിഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിൽ. മാതാവ്: സോളി. സഹോദരൻ: സന്ദീപ് (ഓസ്‌ട്രേലിയ).