
കോട്ടയം : തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായുള്ള ഇന്റേണൽ പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. ചങ്ങനാശേരി ഇ.എം.എസ്. ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജോലി സ്ഥലങ്ങളിൽ സ്ത്രീകളുടെ പരാതികൾ കേൾക്കാനുള്ള സജ്ജീകരണം വേണം. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ വർദ്ധിക്കുന്നതിനാൽ കമ്മീഷൻ പോഷ് ആക്ട് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ മക്കൾക്കുള്ള വിമുഖത കൂടിവരികയാണ്. വയോധികരുടെ പരാതികൾ കേൾക്കുന്ന ട്രിബ്യൂണലുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും അവർ പറഞ്ഞു. ഒൻപത് പരാതികൾ പരിഹരിച്ചു.