കാഞ്ഞിരപ്പള്ളി:വോളിബോളിന്റെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിയിൽ വോളിബോൾ പരിശീലനത്തിനായുള്ള വോളി അക്കാദമിക്ക് ഇന്ന് തുടക്കമാകും. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലീം യൂത്ത് കൾച്ചറൽ അസോസിയേഷൻ (മൈക്കാ) യുടെ നേതൃത്വത്തിൽ സ്‌കൂൾ വളപ്പിൽ 25 ലക്ഷം രൂപ ചെലവിട്ട് പരിശീലനത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള സ്റ്റേഡിയം നിർമ്മിച്ചു കഴിഞ്ഞു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഇന്ന് വൈകുന്നേരം അഞ്ചിന് ഇത് പൊതുജനങ്ങൾക്കായി സമർപ്പിക്കും. ഉദ്ഘാടനത്തിനു ശേഷം ഈരാറ്റുപേട്ട സെന്റ് ജോർജും കോഴഞ്ചേരി സെന്റ് പീറ്റേഴ്‌സും (പുരുഷ ടീമുകൾ) ചങ്ങനാശേരി അസംപ്ഷൻ കോളേജും കോട്ടയം സിക്‌സേഴ്‌സും (വനിതാ ടീമുകൾ) പങ്കെടുക്കുന്ന പ്രദർശന മത്സരം ഉണ്ടാകും. മുൻ ഏഷ്യൻ വോളി താരം പി.എസ് .അബ്ദുൽ റസാഖിനാണ് അക്കാദമിയുടെ ചുമതല. പി.എസ്.അബ്ദുൽ റസാഖ്, അഡ്വ.ഷഫീക്ക് താഴത്തുവീട്ടിൽ, ഷംസുദ്ദീൻ തോട്ടത്തിൽ, അൻസാരിമംഗലത്തു കരോട്ട് എന്നിവർ പരിപാടികൾ വിശദീകരിച്ചു.