
ചങ്ങനാശേരി : ഡി.എം.ഒ നേരിട്ട് ഇടപെട്ടതോടെ ജനറൽ ആശുപത്രിയിലെ സൂപ്രണ്ടും ജീവനക്കാരും തമ്മിലുള്ള ശീതസമരം അവസാനിച്ചു. ഇന്നലെ ഡി.എം.ഒ ഡോ.വിദ്യാധരൻ സൂപ്രണ്ടും ജീവനക്കാരുമായി രണ്ട് മണിക്കൂറോളം ചർച്ച നടത്തി. ഏജൻസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും കൊടുത്ത് തീർക്കാനുള്ള കുടിശിക തുക എത്രയും വേഗം കൈമാറണമെന്ന് സൂപ്രണ്ടിനോട് നിർദ്ദേശിച്ചു. ജീവനക്കാരുടെ പരാതികളും അഭിപ്രായങ്ങളും കേട്ടു. ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂപ്രണ്ടും ജീവനക്കാരും പ്രശ്നങ്ങൾ പരസ്പരം പറഞ്ഞ് തീർക്കാനും നിർദേശിച്ചു.