
കോട്ടയം: സംസ്ഥാന സർക്കാർ നടത്തിയ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ അവസാനിച്ചിട്ടും ബോണസ് തുക ലഭിക്കാത്തതിനാൽ ബോട്ട് ക്ലബുകൾ കടക്കെണിയിൽ. ബോട്ട് ക്ലബ് ഭാരവാഹികളാകട്ടെ കടക്കാരെ പേടിച്ച് മുങ്ങേണ്ട അവസ്ഥയിലുമായി. സർക്കാർ കടുത്ത
സാമ്പത്തിക പ്രതിസന്ധിയിലായതോടെ ബോണസ് എന്ന് ലഭിക്കുമെന്നും ഉറപ്പില്ല. വിവിധ ജില്ലകളിലായി 12 ബോട്ട് ലീഗ് മത്സരങ്ങളാണ് ആറ് മാസത്തിനുള്ളിൽ നടന്നത്. കോട്ടയത്ത് നിന്ന് കുമരകം ബോട്ട് ക്ലബ്, ടൗൺ ബോട്ട് ക്ലബ്, എൻ.സിഡി.സി, വേമ്പനാട് ബോട്ട് ക്ലബ് എന്നീ ടീമുകളാണ് ലീഗ് മത്സരങ്ങളിൽ പങ്കെടുത്തത്. ഓരോ കളിക്കും മൂന്നു ലക്ഷം രൂപ ബോണസ് തുക പ്രഖ്യാപിച്ചിരുന്നു. ലീഗ് സമാപിച്ചിട്ടും ഏഴു മത്സരങ്ങളുടെ ബോണസ് മാത്രമാണ് ലഭിച്ചത്. ഓരോ ക്ലബിനും 15 ലക്ഷം വീതം ഇനിയും ലഭിക്കാനുണ്ട്.
പണം വൈകി, അത് പണിയായി
ആഗസ്റ്റിൽ ആലപ്പുഴ പുന്നമടക്കായലിൽ നടന്ന നെഹ്റുട്രോഫി ജലമേളയിൽ രണ്ടാം സ്ഥാനം ലഭിച്ചത് കുമരകം ടൗൺബോട്ട് ക്ലബിനായിരുന്നു. പലതവണ പരാതിപ്പെട്ട ശേഷമാണ് ക്യാഷ് പ്രൈസ് ലഭിച്ചത്. നെഹ്റുട്രോഫിയുടെ പരിശീലന തുഴച്ചിലിനായി 26 ലക്ഷം രൂപയായിരുന്നു ടൗൺബോട്ട് ക്ലബിന് ചെലവായത്. ക്ലബ് ഭാരവാഹികൾ പലരിൽ നിന്നും കടംവാങ്ങിയായിരുന്നു തുക കണ്ടെത്തിയത്. ഈ ബാദ്ധ്യത വീട്ടാത്തതിനാൽ ബോട്ട് ലീഗിൽ ടീമിന് കാര്യമായ പരിശീലനം നടത്താൻ കഴിഞ്ഞില്ല. ഇതോടെ നല്ല തുഴച്ചിൽകാർ ക്ലബ് വിട്ടു. ഇതോടെ ടൗൺ ബോട്ട് ക്ലബ് ലീഗ് മത്സരങ്ങളിൽ നിന്ന് പിന്നാക്കംപോയി.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാകാം ബോണസ് കുടിശികയ്ക്ക് കാരണം. കടക്കെണിയിലായ ബോട്ട് ക്ലബ്ബുകളെ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനാണ്.
മുകേഷ് ഫിലിപ്പ് (സെക്രട്ടറി കുമരകം ടൗൺബോട്ട് ക്ലബ്)