പാലാ: കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന അദ്ധ്യാപക കായികമേള ഇന്ന് പാലായിൽ നടക്കും. 14 ജില്ലകളിൽ നിന്നായി 800 ഓളം അദ്ധ്യാപകർ കായികമേളയിൽ മത്സരിക്കും. 32 ഇനങ്ങളിൽ അതലറ്റിക്‌സ് മത്സരങ്ങളും 4 ഗയിംസ് മത്സരങ്ങളും നടക്കും. 40 വയസിനു മുകളിലും താഴെയുമായി 2 വിഭാഗങ്ങളായിട്ടാണ് അതലറ്റിക്‌സ് മത്സരങ്ങൾ നടക്കുക. അത്‌ലറ്റിക്‌സ് മത്സരങ്ങൾ രാവിലെ 6ന് ആരംഭിക്കും. പാലാ മുനിസിപ്പൽ സ്റ്റേഡിയം, സെന്റ് തോമസ് കോളേജ് ഗ്രൗണ്ട്, കാർമ്മൽ സ്‌കൂൾ ഗ്രൗണ്ട്, പ്ലാശനാൽ സെന്റ് ആന്റണീസ് സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളായാണ് മത്സരങ്ങൾ നടക്കുക.

9ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷത വഹിക്കും. ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എൻ.ടി ശിവരാജൻ, ദ്രോണാചാര്യ അവാർഡ് ജേതാവ് കെ.പി തോമസ് മാഷ്, മുനിസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം, കലാകായിക കമ്മിറ്റി കൺവീനർ കെ.വി ബെന്നി തുടങ്ങിയവർ പ്രസംഗിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ സമ്മാനദാനം നടത്തും.