കോട്ടയം: യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ റബറിന്റെ തറവിലയിൽ നിന്ന് ഏഴര വർഷമായിട്ടും ഒരു രൂപ പോലും ഉയർത്താൻ കഴിയാത്ത ഇടത് സർക്കാർ കാർഷികമേഖലയെ സമ്പൂർമമായി തകർത്തു എന്ന് അനൂപ് ജേക്കബ് എം.എൽ.എ ആരോപിച്ചു. നെൽ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന് പോലും പൈസ കൊടുക്കാതെ കർഷകരെ ആൽമഹത്യയിലേക്ക് തള്ളിവിടുകയാണ് ഇടത് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കോട്ടയം ഗാന്ധി സ്‌ക്വയറിനു മുമ്പിൽ നടത്തിയ സത്യഗ്രഹ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന നേതാക്കളായ എം.സി.സെബാസ്റ്റ്യൻ, ബാബു വലിയവീടൻ, വി.ഡി. ജോസഫ്, കെ.ആർ.ഗിരിജൻ, രാജു പാണാലിക്കൽ, റെജി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.