hng-brdg

കോട്ട​യം : തെളിനീരായി ഒഴുകുന്ന മീനച്ചിലാറിന് കുറുകെയൊരു പാലം,​ ഇവിടെ നിന്നുള്ള ദൃശ്യ​ഭം​ഗി ആ​രു​ടെയും മനംക​വ​രും. സംക്രാന്തി - പേരൂർ റൂട്ടിൽ കിണറ്റിന്മൂട്ടിൽ സ്ഥിതി ചെയ്യുന്ന മൈലപ്പള്ളി​ക്കട​വ് തൂ​ക്കു​പാ​ല​മാ​ണ് കാഴ്ചക്കാ​രുടെ പ്രി​യ ഇ​ട​മാ​യി മാ​റു​ന്ന​ത്. പക്ഷെ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. തുരുമ്പ് പിടിച്ച് ശോച്യാവസ്ഥയിലായ പാലത്തിൽ കയറുമ്പോൾ അല്പം കരുതൽ വേണം. വിജയപുരം പഞ്ചായത്തിന്റെ മൂന്നാം വാർഡിലും ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയുടെ 18ാം വാർഡിലുമായാണ് പാലം സ്ഥിതിചെയ്യുന്ന​ത്. ഒരുകോടി 12 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. 2012 ൽ അന്നത്തെ ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആണ് ഉദ്ഘാടനം നിർവഹിച്ച​ത്. പാ​ല​ത്തി​ന്റെ ന​വീ​ക​ര​ണ​പ്ര​വർ​ത്ത​ന​ങ്ങൾ​ക്കായി 26 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തെങ്കിലും ന​വീ​ക​ര​ണ​പ്ര​വർത്ത​നം എ​ങ്ങു​മെ​ത്തി​യില്ല.

ഫോട്ടോ ഷൂട്ട് ലൊക്കേഷൻ

ഫോട്ടോഷൂട്ടുകാരുടെയും സേവ് ദ ഡേറ്റുകളുടെയും മോഡലിംഗ് ഷൂട്ടുകളുടെയും പ്രധാനകേ​ന്ദ്ര​മാ​ണിത്. അവധി ദിനങ്ങളിലും സായാഹ്നങ്ങളിലും സന്ദർശകരുടെ വൻതിരക്കാണ്. മുൻപ് ഇരുകരകളെയും തമ്മിൽ ബന്ധിപ്പിക്കു​ന്ന കടത്ത് കേന്ദ്രമായി​രു​ന്നു ഇ​വിടം. പി​ന്നീട്, പാലം വന്നതോടെ കടത്ത് നില​ച്ചു. മീൻ പിടിക്കാനും വലവീശുന്നതിനുമായി നിരവധിപ്പേരാണ് എത്തു​ന്നത്. 25 അടിയോളം താഴ്ച​യു​ണ്ട് ആ​റിന്. കടുത്ത വേനലിലും ജലനിരപ്പ് വലിയതോതിൽ താഴാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി മുങ്ങിമരണങ്ങളും ഉണ്ടായിട്ടു​ണ്ട്. അടുത്തിടെ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.