fire

കോട്ടയം : കനത്ത ചൂടിലേയ്ക്ക് നാടുനീങ്ങുമ്പോൾ കാട്ടുതീപ്പേടിയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരുതരത്തിലും തീപടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തീപടർന്നാൽ ഫയർഫോഴ്‌സുമായി യോജിച്ച് പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. പൊന്തൻപുഴ, കോരുത്തോട് മേഖലകളിലാണ് കാട്ടുതീ ഭീഷണിപ്രദേശങ്ങൾ. മുൻ വർഷങ്ങളിൽ ദിവസങ്ങളോളം ഈ പ്രദേശങ്ങളിൽ തീപടർന്നിരുന്നു. മരങ്ങൾക്കൊപ്പം നിരവധി പക്ഷി മൃഗാദികളും കരിഞ്ഞുണങ്ങി. അതിനാൽ ഇത്തവണ തീ വേഗം അണയ്ക്കാൻ വെള്ളമെത്തിക്കാനുള്ള സംവിധാനവും ഏർപ്പാടാക്കിയിട്ടുണ്ട്. എരുമേലി റേഞ്ചിന് കീഴിലുള്ള വണ്ടംപതാൽ, പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിന് കീഴിൽ താത്കാലിക വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. 3 മുതൽ 10 വരെ പേരടങ്ങുന്ന ഫയർടീമായാണ് ഇവരുടെ പ്രവർത്തനം. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നിശ്ചയിച്ച സ്ഥലങ്ങളിൽ റോന്ത് ചുറ്റും. രാത്രികാലങ്ങളിൽ എതു സമയത്ത് വിളിച്ചാലും എത്തിച്ചേരാൻ സാധിക്കുന്നവരെയാണ് വാച്ചർമാരായി നിയമിച്ചിരിക്കുന്നത്.

മുൻകരുതൽ ഇങ്ങനെ
ഫയർ ലൈൻ സ്ഥാപിക്കൽ
വാച്ചർമാരെ നിയമിക്കൽ
പോസ്റ്റർ പ്രചരണം
ബോധവത്കരണ ക്ലാസുകൾ


'' കാട്ടുതീ തടയാനുള്ള ബോധവത്കരണ ക്ലാസുകൾ നടക്കുന്നുണ്ട്. ഫയർലൈനുകൾ തെളിച്ചുകൊണ്ടിരിക്കുകയാണ്. വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. വനത്തിലേയ്ക്ക് വിറകും മറ്റും ശേഖരിക്കാൻ പോകുന്നവരുടെ കൈയിൽ നിന്ന് തീപ്പെട്ടയും മറ്റുമുണ്ടെങ്കിൽ നീക്കം ചെയ്യാൻ നിർദേശം നൽകയിട്ടുണ്ട്

വനംവകുപ്പ് അധികൃതർ