ayo

കോട്ടയം : അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കാനുള്ള എല്ലാ തയ്യാറാടെപ്പുകളും ജില്ലയിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾ പൂർത്തിയാക്കി. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും മധുര വിതരണവും ദീപം തെളിക്കലും ഉൾപ്പെടെ സംഘടിപ്പിക്കും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രാമപുരം ശ്രീരാമ ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ക്ഷേത്രങ്ങളിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം ആരംഭിച്ചു. ഇന്ന് രാവിലെ മുതൽ രാമജപങ്ങളുമായി വിവിധ പരിവാർ പ്രസ്ഥാനങ്ങൾ സജീവമാകും. ശ്രീരാമ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നേതാക്കളും പ്രവർത്തകരും നടത്തും. പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുന്നതു മുതൽ അവസാനിക്കുന്നതു വരെ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കും. വീടുകളിലും പ്രത്യേകം പ്രാർത്ഥനകൾ നടത്തും. പ്രതിഷ്ഠാദിനച്ചടങ്ങിന്റെ തത്സമയ സംപ്രേഷണം ക്ഷേത്രങ്ങളിൽ വലിയ സ്ക്രീനുകളിൽ ഒരുക്കും. മുതിർന്നവരേയും കുട്ടികളേയും പ്രത്യേകം ചടങ്ങുകളിൽ പങ്കെടുപ്പിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. ഓരോ മണ്ഡലത്തിൽ നിന്ന് വിവിധ മേഖലകളിൽ നിന്നുള്ളവരെ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിൽ അയോദ്ധ്യയിലേയ്ക്ക് കൊണ്ടു പോകാനും പദ്ധതിയുണ്ട്. വിവിധ സമുദായങ്ങളുടേയും സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്. ജില്ലയിൽ അക്ഷതം കൈമാറ്റം ചെയ്തപ്പോഴുള്ള അനുകൂല പ്രതികരണമാണ് ഊർജ്ജം. ഹിന്ദു സമുദായ സംഘടനകളുടെ അഭിപ്രായ ഐക്യമുണ്ടാക്കാൻ കഴിഞ്ഞെന്നാണ് കണക്കു കൂട്ടൽ.