വിജയപുരം പഞ്ചായത്തിൽ പരാതി പ്രളയം
കോട്ടയം: പൈപ്പിടാൻ റോഡ് കുഴിച്ചു. പക്ഷേ കുടിവെള്ളം മാത്രം വന്നില്ല. റോഡ് തകർന്ന് തരിപ്പണമായത് മാത്രം ബാക്കി. വിജയപുരം പഞ്ചായത്തിലെ പ്രധാന റോഡുകളാണ് തകർന്നത്. തങ്കപ്പൻമാടം ഇറഞ്ഞാൽ ദേവീക്ഷേത്രം റോഡ്, കളത്തിൽപ്പടി മധുരം ചേരിക്കടവ് എന്നിവയാണ് പൈപ്പിടാൻ കുഴിച്ചത്. ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരമാണ് റോഡിൽ പൈപ്പ് സ്ഥാപിച്ചത്. പൈപ്പ് സ്ഥാപിക്കുന്നതിനായിയെടുത്ത കുഴികൾ മണ്ണിട്ട് മൂടിയതല്ലാതെ റോഡ് റീടാർ ചെയ്തിട്ടില്ല. ഇതോടെ റോഡിൽ വലുതും ചെറുതുമായ കുഴികളും രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ അകപ്പെട്ട് അപകടത്തിൽപ്പെടുന്നതും പതിവാണ്. പൈപ്പുകൾ സ്ഥാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നാളിതുവരെ പൈപ്പിൽ വെള്ളമെത്തിയിട്ടില്ല. വേനൽ കടുക്കുന്നതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. കുടിയ്ക്കുന്നതിനും പ്രാഥമികാവശ്യങ്ങൾക്കും ഉൾപ്പെടെ വെള്ളം വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ്.
നടപടിവേണം, പരാതി നൽകി
വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് കളത്തിൽപ്പടി മൈത്രി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ വാട്ടർ അതോറിട്ടി അസി.എക്സിക്യൂട്ടീവ് എൻജിനീയറിന് പരാതി നൽകി. അസോസിയേഷൻ പ്രതിഷേധയോഗത്തിൽ പ്രസിഡന്റ് റോയി ജോൺ ഇടയത്തറ അദ്ധ്യക്ഷതവഹിച്ചു. സുമോദ് പൂവക്കുന്നേൽ, ജി.ആർ പണിക്കർ, കെ.വി മാണി, തോമസ് പീറ്റർ, ഇ.ടി തോമസ്, മുരളിധരൻ നായർ, പി.ദേവസ്യ, സിസി ബോബി എന്നിവർ പങ്കെടുത്തു.
റോഡ് നന്നാക്കുകയും ജലവിതരണം ആരംഭിക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കും. (മൈത്രി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ).