
കോട്ടയം : ചുട്ടുപൊള്ളുന്ന ചൂടിൽ കിണറുകളും, തോടുകളും കുളങ്ങളും വറ്റി വരണ്ട് തുടങ്ങിയതോടെ ജില്ലയുടെ കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ചില സ്ഥലങ്ങളിൽ കുഴൽക്കിണറുകൾ ഉള്ളതും മറ്റു കിണറുകളിലെ വെള്ളം വറ്റുന്നതിന് കാരണമാകുന്നു. കുന്നിൻ പ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളം വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ് സാധാരണക്കാർ. നഗരസഭയുടെ കുടിവെള്ള വിതരണമാണ് ചിലയിടങ്ങളിൽ ആശ്രയം. നാട്ടകം, കുന്നംപള്ളി, കൊല്ലാട്, ദിവാൻപുരം, വട്ടുകുന്ന്, പാക്കിൽ, കീഴ്ക്കുന്ന്, പാമ്പാടി, കറുകച്ചാൽ, നെടുംകുന്നം, മറിയപ്പള്ളി, കുമരകം, തിരുവാർപ്പ്, കാഞ്ഞിരം, നാട്ടകം, ടൗൺ ഏരിയ, ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലകൾ,കടുത്തുരുത്തി എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം തുടങ്ങി. വേനൽച്ചൂട് കൂടുകയാണെങ്കിൽ കൃഷിയിടങ്ങളിലേയ്ക്കും കൂടുതൽ വെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്. വെള്ളമില്ലാതെ എങ്ങനെ കൃഷി ചെയ്യുമെന്നത് കർഷകർക്ക് മുന്നിൽ ചോദ്യചിഹ്നമാകുകയാണ്.
കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്
കുടിവെള്ള ക്ഷാമം രൂക്ഷമായത് മുതലാക്കി കുടിവെള്ളക്കച്ചവടക്കാരുടെ കൊയ്ത്ത് തുടങ്ങി. ശുദ്ധജലമെന്ന പേരിൽ പലരും എത്തിക്കുന്നത് പാറക്കുളത്തിലെ വെള്ളമാണ്. സർക്കാർ കുടിവെള്ള പദ്ധതികളുടെ പ്രയോജനം കിട്ടാതായതോടെ സാധാരണക്കാർ കുടിവെള്ളക്കച്ചവടക്കാരെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ്. എന്നാൽ ഇവർ എത്തിക്കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ സംവിധാനങ്ങളില്ലാത്തത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ഭീതി. 3500 ലിറ്റർ വെള്ളത്തിന് 800 രൂപ മുതൽ 1000 രൂപ വരെയാണ് ഈടാക്കുന്നത്. 5000 ലിറ്റർ വെള്ളത്തിന് 900 രൂപ മുതൽ 1500 രൂപ വരെ ഈടാക്കുന്നുണ്ട്.
പൈപ്പ് പൊട്ടൽ തുടർക്കഥ.
കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോഴും പൈപ്പ് പൊട്ടി ശുദ്ധജലം നഷ്ടപ്പെടുന്നത് പതിവാണ്. കോട്ടയം നഗരത്തിലടക്കം ലിറ്റർ കണക്കിന് വെള്ളമാണ് ഇത്തരത്തിൽ പാഴായിപ്പോകുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുലൈനുകളിലൂടെയാണ് പലയിടത്തും ഇപ്പോൾ വെള്ളം ലഭിക്കുന്നത്. തകരാർ സംഭവിക്കുമ്പോൾ തട്ടിക്കൂട്ട് പണി നടത്തി ജലവിഭവവകുപ്പ് മടങ്ങുകയാണ് പതിവ്. ഉയർന്ന മർദ്ദം അനുഭവപ്പെടുമ്പോൾ ദിവസങ്ങൾക്കുള്ളിൽ വീണ്ടും പൈപ്പ് പൊട്ടുന്നത് സ്ഥിരം കാഴ്ചയാണ്. 
''ജില്ലയിലെ പഞ്ചായത്ത് വക കുളങ്ങളും, കിണറുകളും വൃത്തിയാക്കി ആഴം കൂട്ടുകയാണെങ്കിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഒരു പരിധി വരെ കഴിയും. കുടിവെള്ള കച്ചവടക്കാർ എത്തിക്കുന്ന വെള്ളം എവിടെ നിന്നാണെന്ന് പരിശോധിക്കാൻ അധികൃതർ തയ്യാറാകണം. മഞ്ഞപ്പിത്തമടക്കമുള്ള ജലജന്യ രോഗ ഭീതിയും നിലനില്ക്കുന്നു. ഏത് തരം വെള്ളം കിട്ടിയാലും ഉപയോഗിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
സുരേഷ്, നമ്പ്യാകുളം
''അധികൃതരുടെ അനങ്ങാറപ്പാറനയമാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സമയത്ത് നിലവിലെ ജലവിതരണത്തെയും തടസ്സപ്പെടുത്തിയുള്ള പൈപ്പ് സ്ഥാപിക്കൽ. പൈപ്പ് പൊട്ടി വെള്ളം പാഴകുമ്പോഴും അധികൃതർ നോക്കുകുത്തിയാകുകയാണ്.