
കോട്ടയം : മിൽമ റിഫ്രഷ് ഭക്ഷണശാല ശൃംഖല വടവാതൂർ ഡയറിയോട് ചേർന്ന് തുറക്കും. സുരക്ഷിതവും രുചികരവും സ്വാദിഷ്ടവുമായ ഭക്ഷണ വിഭവങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് എറണാകുളം മേഖലാ യൂണിയനാണ് മിൽമ റിഫ്രഷിന് തുടക്കമിട്ടത്. തൃശൂർ എം.ജി റോഡിൽ കോട്ടപ്പുറത്ത് മിൽമയുടെ സ്വന്തം കെട്ടിടത്തിലാണ് ആദ്യത്തെ ഭക്ഷണശാല. ഇതിന്റെ തുടർച്ചയായിട്ടാണ് പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. മിൽമയുടെ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് യൂണിറ്റുകൾ ആരംഭിക്കാൻ താത്പര്യമുളള സംരംഭകർക്ക് ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നത്. മിൽമയുടെ പാൽ, തൈര്, പനീർ, ബട്ടർ നെയ്യ്, ഐസ് ക്രീം തുടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിച്ച് സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വെജിറ്റേറിയൻ വിഭവങ്ങൾ തയ്യാറാക്കി വിളമ്പുന്ന വെജിറ്റേറിയൻ റസ്റ്റോറന്റും, ജ്യൂസ്, ഷേയ്ക്ക് പോയിന്റ് , ഐസ്‌ക്രീം പാർലറും, സൂപ്പർമാർക്കറ്റ് ഉൾപ്പെടെയാണ് ആരംഭിക്കുന്നത്. തൃശൂർ രാമവർമ്മപുരം ഡയറി, എറണാകുളം ഇടപ്പള്ളി ഹെഡ് ഓഫീസ് കോമ്പൗണ്ട്, തൃപ്പൂണിത്തുറ ഡയറി, മുവാറ്റുപ്പുഴ ചില്ലിംഗ് പ്ലാന്റ് എന്നിവിടങ്ങളിലും മിൽമ ഇത്തരം ഡ്രൈവിംഗ് പാർലറുകൾ ആരംഭിക്കും.
ഗുണനിലവാരം ഉറപ്പുവരുത്തും
ജീവനക്കാർക്ക് മിൽമ ബ്രാന്റഡ് യൂണിഫോം, തൊപ്പികൾ എന്നിവയുണ്ടാകും. കളർ കോഡുകളുമുണ്ടാകും. മിൽ പാൽ ഉപയോഗിക്കുന്നതിനൊപ്പം മറ്റ് ഭക്ഷവസ്തുകൾക്ക് ഗുണനിലവാരം ഉറപ്പാക്കണമെന്നുമാണ് നിബന്ധന. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ചേരുവകൾ ഏത് ബ്രാന്റിന്റെയാണെന്ന് അതാത് മിൽമ ഡയറിയെ അറിയിക്കണം. റസ്‌റ്റോറന്റിൽ ഉപയോഗിക്കുന്ന പ്ലേറ്റ്, ഗ്ലാസ് എന്നിവയിൽ മിൽമയുടെ പേരും ചിഹ്‌നവും ഉണ്ടായിരിക്കും.
പ്രവർത്തന സമയം
രാവിലെ 6 മുതൽ രാത്രി 10 വരെ