
കോട്ടയം: പട്ടികജാതിപട്ടികവർഗക്കാരുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നുണ്ടെന്ന് നിർവഹണ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ജില്ലാ പട്ടികജാതിപട്ടികവർഗ വികസന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവർ. 91.48 ലക്ഷം രൂപയുടെ പദ്ധതി നിർദ്ദേശങ്ങൾ സമിതി പരിഗണിച്ചു. 76.58 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. പട്ടികജാതി വികസന ഓഫീസർ കോർപ്പസ് ഫണ്ടിൽ സമർപ്പിച്ച പദ്ധതികളിൽ അർഹമായവയ്ക്കും അംഗീകാരം നൽകി. കോർപ്പസ് ഫണ്ട് സ്പിൽ ഓവർ പദ്ധതികളുടെ അവലോകനവും നടന്നു. ഡെപ്യൂട്ടി കളക്ടർ കെ. മുഹമ്മദ് ഷാഫി, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.