
കറുകച്ചാൽ : നെടുംകുന്നം പഞ്ചായത്തിലെ മുളയംവേലിയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു.
കോച്ചേരിയിൽ സി.കെ മാത്യുവിന്റെ 54 മൂട് കപ്പയും, നാലുമാസം പ്രായമുള്ള 25 ഏത്തവാഴയുമാണ് കാട്ടുപന്നികൾ പൂർണമായി നശിപ്പിച്ചത്. കുളമക്കാട് വലിയവീട്ടിൽ അനി വിതോമസിന്റെ 50 ഏത്തവാഴയും, 60 മൂട് കപ്പയും രണ്ടാഴ്ച മുൻപ് നശിപ്പിച്ചിരുന്നു. ഇതോടെ കൃഷിയിറക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. രണ്ടുവർഷമായി ഇടവെട്ടാൽ, കുളമക്കാട് തുടങ്ങിയ ഭാഗങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. കപ്പ, ഏത്തവാഴ, റബർത്തൈ, തെങ്ങിൻതൈ തുടങ്ങിയവ കൃഷി ചെയ്യുന്നവരാണ് പ്രദേശത്ത് ഏറെയും. പുതിയതായി നട്ട റബർതൈകൾ മൂടോടെ കുത്തി നശിപ്പിക്കുകയാണ്. കൃഷിയിടവും ചെറു കയ്യാലകൾ പോലും നശിപ്പിക്കുന്നു. പുലർച്ചെയും രാത്രികാലങ്ങളിലും പന്നികളെ ഭയന്ന് പുറത്തിറങ്ങാൻ ഭയമാണെന്ന് നാട്ടുകാർ പറയുന്നു. വിഷയത്തിൽ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം.