കോട്ടയം: അയോദ്ധ്യയിൽ ശ്രീരാമ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ ക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടന്നു. വീടുകളിൽ എത്തിച്ചു നല്കിയ അക്ഷതത്തിനും ശ്രീരാമ ചിത്രത്തിനും മുന്നിൽ നിലവിളക്ക് കൊളുത്തി രാമനാമം ജപിച്ച് വിശ്വാസികൾ പ്രാണപ്രതിഷ്ഠാ വേളയിൽ പ്രാർത്ഥനാനിരതരായി.
ചടങ്ങുകൾ തത്സമയം കാണുന്നതിന് വലിയ സ്‌ക്രീനുകൾ ക്ഷേത്രപരിസരങ്ങളിൽ സജ്ജമാക്കിയിരുന്നു. നാമജപം, ഭജന, അന്നദാനം, പായസവിതരണം, രാമജന്മഭൂമി പ്രക്ഷോഭ ചരിത്രം വിവരിക്കുന്ന പ്രദർശിനി, ഘോഷയാത്ര, വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച എന്നിവയെല്ലാം ഒരുക്കിയും സന്ധ്യയ്ക്ക് വീടുകളിൽ നിലവിളക്കും ചിരാതുകൾ തെളിച്ചും അയോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്ഠാ ചടങ്ങ് വിശ്വാസികൾ ആഘോഷമാക്കി.
പനച്ചിക്കാട് ദക്ഷിണ മൂകാംബിക, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി, ചാന്നാനിക്കാട് ശ്രീ മഹാവിഷ്ണു, ശ്രീ ദുർഗ്ഗാ ഭഗവതി, ഇത്തിത്താനം ഇളങ്കാവ്, രാമപുരം ശ്രീരാമസ്വാമി, ഇത്തിത്താനം ശ്രീകൃഷ്ണസ്വാമി, കുറിച്ചി അദ്വൈതാശ്രമം, കുറിച്ചി ശ്രീരാമസ്വാമി പൂങ്കുന്നം സീതാ രാമസ്വാമി, പൂവൻതുരുത്ത് ശ്രീകൃഷ്ണസ്വാമി, പാലടി കൂട്ടുമേൽ, നാരകത്തറ കണ്ണങ്കോട്ട്, മാടപ്പള്ളി ശ്രീ ഭഗവതി, ചമ്പക്കര ദേവീ, പാലമൂട്ടിൽ ശ്രീധർമ്മശാസ്താ, നത്തല്ലൂർ ശ്രീ ഭഗവതി, മൂലവട്ടം തൃക്കയിൽ, ആർപ്പൂക്കര ശ്രീ സുബ്രഹ്മണ്യസ്വാമി, മറിയപ്പള്ളി പൊൻകുന്നത്ത് കാവ്, വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി, തുരുത്തി അമൃതാനന്ദമയി മഠം, ഏറ്റുമാനൂർ ശ്രീ മാരിയമ്മൻ കോവിൽ, കുമ്മണ്ണൂർ നടക്കാംകുന്ന് ദേവീ വെമ്പള്ളി ദേവീ, പാങ്ങാവ് ത്രം, മുരിക്കുംപുഴ ദേവീ ഏഴാച്ചേരി കാവിൻപുറം തുടങ്ങിയ ക്ഷേത്രങ്ങളിൽ വിവിധ . ചടങ്ങുകൾക്ക് ഹിന്ദു ആചാര്യന്മാരും, സാമുദായിക സംഘടനാ നേതാക്കളും നേതൃത്വം നല്കി.
പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ബി.ജെ.പി വാഴൂർ പഞ്ചായത്ത് കമ്മിറ്റി ഗോദാനം നടത്തി. വാഴൂർ തീർത്ഥപാദപുരം പ്രദേശത്ത് കുറുനരിയുടെ ആക്രമണത്തിൽ മൂന്ന് പശുക്കളെ നഷ്ടപ്പെട്ട ബിമല പ്രസന്നൻ എന്ന വീട്ടമ്മയ്ക്ക് വാഴൂർ പഞ്ചായത്ത് കമ്മിറ്റി പശുവിനെ നൽകി. ഗോദാന ചടങ്ങ് ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരി ഉദ്ഘാടനം ചെയ്തു.