പാലാ: എയർപോഡ് മോഷണം പോയെന്ന പാലാ നഗരസഭാ ഭരണപക്ഷ കൗൺസിലർ ജോസ് ചീരാംകുഴിയുടെ ആരോപണത്തിൻമേലുള്ള പുകമറ നീക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ആക്ടിംഗ് ചെയർമാൻ സാവിയോ കാവുകാട്ടിന് കത്ത് നൽകി.
ജനുവരി 18ന് ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിനിടയിലാണ് ജോസ് ചീരാംകുഴി തന്റെ എയർപോഡ് ഒരു കൗൺസിലർ മോഷ്ടിച്ചുവെന്ന ഗുരുതരമായ ആരോപണം ഉയർത്തിയത്.
മോഷ്ടിച്ച ആളെ കുറിച്ചുള്ള വിശദാംശങ്ങളും നഷ്ടപ്പെട്ട ഉപകരണത്തിന്റെ ലൊക്കേഷൻ വിവരങ്ങളും തന്റെ പക്കൽ ഉണ്ടെന്നും ജോസ് ചീരാംകുഴി പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ പൊതുജനമദ്ധ്യത്തിൽ യു.ഡി.എഫ് കൗൺസിലർമാരായ തങ്ങളും സംശയത്തിന്റെ നിഴലിലാണ്. പ്രതിപക്ഷ നിരയിലെ യു.ഡി.എഫ് കൗൺസിലർമാരാരും ഇത്തരം ഒരു മോഷണം നടത്തിയിട്ടില്ലെന്ന് ഉത്തമ ബോധ്യം ഉണ്ട്. വിഷയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പുകമറ അടിയന്തരമായി നീക്കി സത്യാവസ്ഥ വെളിപ്പെടുത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.
നഗരസഭ കൗൺസിലിലെ ഒരു അംഗത്തിനെതിരെ മോഷണം പോലെ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉത്തരവാദിത്വ ബോധത്തോടുകൂടി വിഷയം കൈകാര്യം ചെയ്യേണ്ടതാണെന്നും പാലാ നഗരസഭ കൗൺസിലിലെ തെറ്റ് ചെയ്യാത്ത യു.ഡി.എഫ് അംഗങ്ങളെയും സംശയത്തിൽ നിർത്തുന്ന ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി വ്യക്തമാക്കി.
പ്രതിപക്ഷത്തെ വി.സി. പ്രിൻസ്, ആനി ബിജോയി, ജോസ് എടേട്ട്, ലിസിക്കുട്ടി മാത്യു, സിജി ടോണി, ലിജി ബിജു എന്നിവർ ഒപ്പിട്ട കത്താണ് പ്രൊഫ. സതീശ് ചൊള്ളാനി ആക്ടിംഗ് ചെയർമാൻ സാവിയോ കാവുകാട്ടിന് കൈമാറിയത്. പ്രതിപക്ഷത്തെ ജിമ്മി ജോസഫും മായാ രാഹുലും കത്തിൽ ഒപ്പിട്ടിട്ടില്ല. താൻ സ്ഥലത്തില്ലെന്ന് മായാ രാഹുൽ പ്രതികരിച്ചു.
ഇതേസമയം തന്റെ മോഷണം പോയ എയർപോഡ് തിരികെ ലഭിക്കുന്നത് സംബന്ധിച്ച ഒരു സൂചനയും കിട്ടിയിട്ടില്ലെന്ന് ഭരണപക്ഷ കൗൺസിലർ ജോസ് ചീരാംകുഴി പറഞ്ഞു.