
കൊഴുവനാൽ: ഒരു വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു നാട് മുഴുവൻ രക്തദാനത്തിൽ പങ്കാളികളായി വിപുലമായ സാമൂഹ്യ സേവനത്തിന് തുടക്കമാകുന്നു. ''കൊഴുവനാൽ ന്യൂസ്'' എന്ന വാട്‌സാപ്പ് കൂട്ടായ്മയുടെ അഡ്മിൻമാർ ചേർന്നെടുത്ത ഈ തീരുമാനം നാടിനാകെ മാതൃകയാകുകയാണ്.
കൊഴുവനാൽ പഞ്ചായത്തിലെ ഒരാൾ പോലും വേണ്ട സമയത്ത് രക്തം കിട്ടാതെ മരണപ്പെടാൻ ഇടയാകരുത് എന്ന മഹത്തായ കാരുണ്യ സേവന മുഖവുമായാണ് ''കൊഴുവനാൽ ന്യൂസ്'' ഇത്തരമൊരു സംരംഭത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന് ഗ്രൂപ്പിന്റെ പ്രസിഡന്റും മുൻഗുസ്തി താരവും പരിശീലകനുമായ ബിജു കുഴുമുള്ളിലും സെക്രട്ടറി സുനിൽ സി. ഉറുമ്പിക്കുന്നേലും പറഞ്ഞു.
കൊഴുവനാൽ ന്യൂസിന്റെ രക്തദാതാക്കളുടെ വിവരശേഖരണ ഉദ്ഘാടനവും വാർഷികഘോഷവും റിപ്പബ്ലിക് ദിനഘോഷവും സംയുക്തമായി 26ാം തീയതി രാവിലെ 10.30 ന് കൊഴുവനാൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു രക്തദാതാക്കളുടെ വിവരശേഖരണ ഉദ്ഘാടനം നിർവ്വഹിക്കും. പ്രമുഖ അവതാരകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ അനീഷ് പുന്നൻ പീറ്റർ വിശിഷ്ടാതിഥിയായിരിക്കും.
വിവരങ്ങൾ ഗൂഗിൾ ഫോമിൽ
കൊഴുവനാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന രക്തം ദാനം ചെയ്യാൻ സന്നദ്ധരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗൂഗിൾ ഫോമിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ക്യൂആർ കോഡും ലിങ്കും ഉപയോഗിച്ച് രക്തദാതാക്കളുടെ ലിസ്റ്റിൽ ആർക്കും അംഗമാകാം. പിന്നീട് ഈ അംഗങ്ങളെ രക്തഗ്രൂപ്പ് അടിസ്ഥാനത്തിൽ പല വിഭാഗങ്ങളായി തിരിക്കും. ആരെങ്കിലും രക്തം ആവശ്യപ്പെട്ടാൽ തൊട്ടടുത്തുള്ള രക്തദാതാക്കളെ കൊഴുവനാൽ ന്യൂസ് അഡ്മിൻമാർ തന്നെ ബന്ധപ്പെട്ട് യഥാസമയം രക്തം കൊടുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും.
ആദ്യഘട്ടം കൊഴുവനാൽ പഞ്ചായത്തിൽ
ആദ്യഘട്ടത്തിൽ കൊഴുവനാൽ പഞ്ചായത്തിലുള്ളവർക്ക് മാത്രമേ ഈ സേവനം നൽകാൻ കഴിയൂഎന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9447693877, 8606674240, 9495048122, 7012042907.