neernnaya

കരീമഠം: : നാട്ടുകാരെയും മത്സൃകർഷകരേയും ഭീതിയിലും പ്രതിസന്ധിയിലുമാക്കി മീനച്ചിലാറ്രിൽ നീർന്നായ (കഴുന്ന)​ ആക്രമണം വ്യാപകമായി. അയ്മനം പഞ്ചായത്തിൽ ഒന്നാം വാർഡിൽ പുഷ്പ്പതടത്തിൽ വീട്ടിൽ സജിമോൻ വിളവെടുത്ത് വിൽപ്പനയ്ക്കായ് പുഴയിൽ വലയ്ക്കുള്ളിൽ ശേഖരിച്ച സിലോപ്പിയ, വരാൽ എന്നീ മത്സ്യങ്ങളെ കഴിഞ്ഞ രാത്രിയിൽ നീർന്നായക്കൂട്ടം തിന്നു തീർത്തു. കുളങ്ങളിലും മറ്റും വളർത്തുന്ന മത്സ്യത്തെ വിൽപ്പനയ്ക്ക് എത്തിക്കുന്നതിനു മുൻപ് വിളവ് എടുത്ത് ജീവനോടെ സൂക്ഷിക്കുന്നതിന് പുഴയിൽ വലകൊണ്ട് ബോക്സ് തിരിച്ച് അതിൽ സൂക്ഷിക്കുക പതിവാണ്. അങ്ങനെ സൂക്ഷിച്ചിരിക്കുന്നതിനിടെയാണ് കൂട്ടമായി എത്തിയ നീർന്നായകൾ മുഴുവൻ മീനുകളെയും ഭക്ഷിച്ചത്.

ഈ സീസണിൽ ഇത് രണ്ടാം തവണയാണ് നീർന്നായ ആക്രമണമുണ്ടാകുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പ് സജിമോൻ അമ്മയുടെ മരണകർമ്മങ്ങൾക്കായ് പോയ സമയത്ത് പുഴയോട് ചേർന്ന് കുളത്തിൽ വളർത്തിയിരുന്ന രണ്ടായിരത്തോളം ഹൈബ്രിഡ് വരാലുകളെ നീർന്നായക്കൂട്ടം ഭക്ഷിച്ചു. മൊത്തം 2 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പതിനൊന്ന് വർഷമായി സർക്കാരിന്റെ സബ്സിഡി ഉൾപ്പെടെ യാതെരുവിധ ആനുകൂല്ല്യങ്ങളും കിട്ടുന്നില്ലെന്നും,കർഷകർ പ്രതിസന്ധിയിൽ ആണെന്നും സജിമോൻ പറഞ്ഞു. 2023 ലെ അയ്മനം പഞ്ചായത്തിലെ മികച്ച മത്സ്യ കർഷകനുള്ള അവാർഡ് നേടിയ കർഷകനാണ് സജിമോൻ.

മനുഷ്യർക്ക് നേരേയും ആക്രമണം
ആറ്റിലും തോട്ടിലും വസ്ത്രം കഴുകാനും കുളിക്കാനും ഇറങ്ങുന്നവരെ നീർന്നായ ആക്രമിക്കുന്നതും പതിവാണ്.വിജയപുരം, കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, കോട്ടയം മേഖലകളിലാണ് ശല്യംരൂക്ഷം. സംക്രാന്തി മഠത്തിൽ പറമ്പ് നീലിമംഗലം പാലത്തിന്റെ സമീപത്ത് കഴിഞ്ഞ ദിവസം നീർന്നായ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്കേറ്റ.തിരുവാർപ്പ് മീൻചിറയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ ആളെയും കടവിൽ വസ്ത്രം അലക്കുകയായിരുന്ന വീട്ടമ്മയെയും നട്ടാശേരിക്കു സമീപം വെട്ടിയ മീൻ കഴുകാനെത്തിയ വീട്ടമ്മയെയും നീർന്നായ ആക്രമിച്ചിരുന്നു.

അടുത്ത കൃഷിക്കായുള്ള മത്സ്യ കുഞ്ഞുങ്ങളെ എങ്ങനെ വാങ്ങും എന്ന ആശങ്കയിലാണ് കർഷകൻ.