
പാലാ: നഗരസഭാ വൈസ് ചെയർപേഴ്‌സണായി ലീന സണ്ണി (കേരള കോൺഗ്രസ് (എം) തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്. മുൻധാരണ പ്രകാരം എൽ.ഡി.എഫിലെ സിജി പ്രസാദ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പു നടന്നത്. 26 അംഗ കൗൺസിലിൽ ലീന സണ്ണിക്ക് 17 വോട്ടും എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ സിജി ടോണിക്ക് 8 വോട്ടും ലഭിച്ചു. യു.ഡി.എഫിലെ മായാ രാഹുൽ ഹാജരായിരുന്നില്ല.
ലീന സണ്ണിയുടെ പേര് മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര നിർദ്ദേശിച്ചു. പാലാ ഡി.ഇ.ഒ. പി. സുനിജ വരണാധികാരിയായിരുന്നു. ലീന സണ്ണിക്ക് ആക്ടിംഗ് ചെയർമാൻ സാവിയോ കാവുകാട്ട് സത്യവാചകം ചൊല്ലി കൊടുത്തു. കഴിഞ്ഞ നാലു തവണയായി നഗരസഭാ കൗൺസിലറായ ലീന സണ്ണി നിലവിൽ കൊട്ടാരമറ്റം വാർഡ് പ്രതിനിധിയാണ്. മുൻ നഗരസഭാദ്ധ്യക്ഷയായ ലീന സണ്ണിയുടെ കാലത്ത് നിരവധി വികസന പ്രവർത്തനങ്ങൾ പാലാ നഗരത്തിൽ നടന്നിരുന്നു. കേരള വനിതാ കോൺഗ്രസ് (എം) പാലാ ടൗൺ മണ്ഡലം പ്രസിഡന്റുമാണ്.
സ്വീകരണം നൽകി
വൈസ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ലീന സണ്ണിക്ക് നഗരസഭാ ഹാളിൽ സ്വീകരണം നൽകി. സാവിയോ കാവുകാട്ട്, ആന്റോ പടിഞ്ഞാറേക്കര, പ്രൊഫ. സതീശ് ചൊള്ളാനി, വി.സി. പ്രിൻസ്, ബിജു പാലൂപടവൻ, പെണ്ണമ്മ ജോസഫ്, ബിജി ജോജോ, ഷാർളി മാത്യു, രവി പാലാ, ബിജോയി മണർകാട്ട്, ജയ്‌സൺ മാന്തോട്ടം, പി.എൻ. ഗീത തുടങ്ങിയവർ ആശംസ നേർന്ന് പ്രസംഗിച്ചു. എൽ.ഡി.എഫ് നേതാക്കളായ ടോബിൻ കെ. അലക്‌സ്, കെ.കെ. ഗിരീഷ്, ജോസുകുട്ടി പൂവേലി, കെ.അജി തുടങ്ങിയവരും വിവിധ കക്ഷി നേതാക്കളും ജീവനക്കാരും അനുമോദിച്ചു.