kadanad

പാലാ: കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമെന്ന സ്വപ്നം സഫലമാകുന്നു.

ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള കടനാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ മേഖലയിലെ ഏക ആശ്രയമാണ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം.

ആരോഗ്യ കേരളം വഴി ലഭ്യമാക്കിയ ഒരു കോടി അൻപത്തിയാറു ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോൾ പണികൾ പൂർത്തീകരിച്ചത്. ഉദ്ഘാടനം കഴിയുന്നതോടെ കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെടും. വൈകിട്ട് ആറുമണി വരെ ഔട്ട് പേഷ്യന്റ് സമയം രോഗികൾക്ക് വർദ്ധിപ്പിച്ച് ലഭിക്കുകയും ചെയ്യും.

കടനാട് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിയുടെയും കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിലേക്ക് സ്ഥാപനത്തെ ഉയർത്തിയത്. ഫെബ്രുവരി പകുതിയോടെ ആരോഗ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ആഘോഷമായി ഉദ്ഘാടനം നടത്താൻ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി സോമൻ, പഞ്ചായത്ത് മെമ്പർമാരായ ജെയ്‌സി സണ്ണി, ഉഷ രാജു, മധു കുന്നേൽ, ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ബെന്നി ഈരൂരിക്കൽ, കെ.എസ് സെബാസ്റ്റ്യൻ, ബിനു വള്ളോംപുരയിടം, ജോണി ചാത്തൻകുന്നേൽ, മെഡിക്കൽ ഓഫീസർ ഡോ. വിവേക് മാത്യു പുളിക്കൽ, ഹെൽത്ത് ഇൻസ്‌പെക്ടർ സുമേഷ് എം. തുടങ്ങിയവർ പ്രസംഗിച്ചു.