പാലാ: നഗരസഭയിലെ ഭരണപക്ഷ കൗൺസിലർ ജോസ് ചീരാംകുഴിയുടെ ആപ്പിൾ എയർപോഡ് മോഷണം പോയത് സംബന്ധിച്ച വിവാദം കത്തിനിൽക്കേ ആരോപണത്തിന്റെ കുന്തമുന നീളുന്നത് ഒരു പ്രമുഖ കൗൺസിലർക്കുനേരെ. ഇതാകട്ടെ ഇടതുമുന്നണിയിൽതന്നെ അസ്വാരസ്യങ്ങൾക്ക് വഴിമരുന്നിടുകയുമാണ്. എയർപോഡ് മോഷ്ടിച്ച കൗൺസിലറെക്കുറിച്ച് അറിയാമെങ്കിലും പേര് തൽക്കാലം വെളിപ്പെടുത്തുന്നില്ല എന്നാണ് ജോസ് ചീരാംകുഴിയുടെ നിലപാട്.
മുൻ നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ അദ്ധ്യക്ഷയായിട്ടുള്ള അവസാന കൗൺസിൽ യോഗത്തിലാണ് മോഷണം പോയ എയർപോഡ് തിരികെ കിട്ടണമെന്ന ആവശ്യവുമായി ജോസ് ചീരാംകുഴി കത്തുകൊടുത്തത്. പെട്ടെന്നുണ്ടായ ഒരു ബേധോദയത്തിന്റെ പേരിലല്ല ഈ കത്തുകൊടുക്കൽ എന്നുള്ളത് ഉറപ്പാണ്. ആരോപണം ഉയർന്നപ്പോൾ തന്നെ ഭരണപക്ഷത്തെ ഒരു പ്രമുഖ കൗൺസിലറുടെ നേർക്കാണ് അമ്പ് പായുന്നത് എന്നുള്ളത് പാലാ നഗരസഭയുടെ രാഷ്ട്രീയം അറിയാവുന്ന ആർക്കും വ്യക്തമാകും. ഒരുപക്ഷേ ജോസ് ചീരാംകുഴി പേര് പറഞ്ഞില്ലെങ്കിൽ പോലും ഈ വ്യക്തി ആര് എന്നുള്ളത് സംബന്ധിച്ച് വ്യാപകമായ പ്രചരണം ഇപ്പോൾത്തന്നെ നടക്കുന്നുണ്ട്.
നഗരസഭയിലെ ഭരണപക്ഷത്തിനുള്ളിലെ പല പ്രശ്‌നങ്ങളും ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള നേതാവിനെ ഒതുക്കുക എന്ന കൃത്യമായ അജണ്ട എയർപോഡ് മോഷണ വിവാദത്തിന് പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് ആരോപണമുയർന്നിട്ടുള്ളത്. എന്നാൽ ഇതേപ്പറ്റി പ്രതികരിക്കാൻ ആരോപണ വിധേയനായ വ്യക്തി തയ്യാറായിട്ടുമില്ല.
മോഷണത്തെക്കുറിച്ച് പാലാ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് ജോസ് ചീരാംകുഴി കൗൺസിൽ യോഗത്തിൽ പറഞ്ഞത്. ഇത് സംബന്ധിച്ച തെളിവുകൾ തന്റെ പക്കലുണ്ടെന്നും ജോസ് പറയുന്നു. പക്ഷേ ഇത് പോലീസിൽ സമർപ്പിച്ചിട്ടില്ല എന്നാണറിയുന്നത്.
ആരെയും മോശക്കാരനാക്കാൻ താൻ തയ്യാറല്ലെന്ന് ജോസ് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ചെയർപേഴ്‌സണ് കത്ത് കൊടുത്തതോടെ സംഭവം കൈവിട്ടുപോയി. ഇത് തന്നെയാണ് ഭരണപക്ഷത്തെ ഒരു വിഭാഗം ഉദ്ദേശിച്ചതെന്നും വ്യക്തം.
ഇതോടു ചേർന്നുകൊണ്ട് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും മറ്റ് യു.ഡി.എഫ്. കൗൺസിലർമാരും ഒന്നിച്ച് ആക്ടിംഗ് ചെയർമാൻ സാവിയോ കാവുകാട്ടിന് കൊടുത്ത കത്തിൽ തങ്ങളാരും എയർപോഡ് എടുത്തിട്ടില്ലെന്നും ഇത് സംബന്ധിച്ച പുകമറ നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആരോപണം ആർക്കുനേരെയാണ് ഉയർന്നിട്ടുള്ളത് എന്ന് പ്രതിപക്ഷ നേതാവിനും കൂട്ടർക്കും കൃത്യമായി അറിയുകയും ചെയ്യാം. ഇടതുമുന്നണിയിലെ അന്തച്ഛിദ്രം മുതലെടുക്കാൻ യു.ഡി.എഫ്. ശ്രമിക്കുന്നതും സ്വാഭാവികം. എന്തായാലും വരുംദിവസങ്ങളിൽ എയർപോഡ് വിവാദം കൂടുതൽ ചൂടുപിടിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച ശാസ്ത്രീയ തെളിവുകൾ ഉണ്ടാക്കാൻ മനപ്പൂർവ്വമോ അല്ലാതെയോ കഴിയും എന്നുള്ളതും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.