
പൊൻകുന്നം: ലോഡുമായി വന്ന ടോറസ് ലോറി കയറ്റത്തിൽ പിന്നോട്ടുരുണ്ട് പറമ്പിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. ചിറക്കടവ് പൊന്നയ്ക്കൽകുന്ന് ജനറൽ ആശുപത്രി റോഡിലായിരുന്നു അപകടം. സമീപ പുരയിടത്തിൽ നിന്ന് മണ്ണെടുത്ത് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു ലോറി. ഇടറോഡിൽ നിന്ന് പെട്ടെന്ന് എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ നിർത്തിയ ടോറസ് പിന്നീട് മുന്നോട്ടെടുക്കാനാവാതെ വന്നു. പിന്നോട്ട് ഇറക്കത്തിലൂടെ താഴേക്ക് ഉരുണ്ട് റോഡരികിലേക്ക് മറിഞ്ഞു. പിന്നിലെത്തിയ കാർ വെട്ടിച്ചുനീക്കിയതിനാൽ ഇടിക്കാതെ രക്ഷപെട്ടുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ടോറസ് ലോറികൾ പതിവായി ഓടി റോഡ് ഇടിഞ്ഞിട്ടുണ്ടെന്നും ടാറിംഗ് തകർന്നുവെന്നും നാട്ടുകാർ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.