കോട്ടയം: കോട്ടയം പാർലമെന്റ് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകുമ്പോൾ മുൻ എം.പി ഫ്രാൻസിസ് ജോർജിന്റേയും കെ.എം.മാണിയുടെ മരുമകൻ എം.പി ജോസഫിന്റെയും പേരുകളാണ് അവസാന റൗണ്ടിൽ ഉയരുന്നത്. ഇരുവരും മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. അതേസമയം പി.ജെ.ജോസഫ് മനസ് തുറക്കാത്തതിനാൽ ആശയക്കുഴപ്പം പരമാവധി മുതലെടുക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം.
കോട്ടയം പാർലമെന്റ് സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ കോട്ടയത്ത് പറഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ജോസഫ് വിഭാഗം ഇന്ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുന്നത്. ഫ്രാൻസിസ് ജോർജ്, എം.പി. ജോസഫ്, പി.സി.തോമസ്, അഡ്വ.പ്രിൻസ് ലൂക്കോസ് എന്നിവരുടെ പേരുകളാണ് തുടക്കം മുതൽ ഉയർന്നതെങ്കിലും ഫ്രാൻസിസ് ജോർജ്, എം.പി.ജോസഫ് എന്നിവരുടെ പേരുകളിലേയ്ക്ക് അവാസന റൗണ്ടിൽ ചുരുങ്ങി. പി.സി.തോമസ് കഴിഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർത്ഥിയായത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമാണ് കോൺഗ്രസ് നേതൃത്വത്തിന്. മുൻ എം.പി എന്ന പരിഗണന ഫ്രാൻസിസ് ജോർജിന് ഗുണകരമാകുമ്പോൾ എം.പി.ജോസഫിന്റെ പേരിനൊപ്പമാണ് ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസുകാർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ പരാജയമാണ് പ്രിൻസ് പിന്നിലേയ്ക്ക് പോകാൻ കാരണം.
കഴിഞ്ഞ തവണ കെ.എം.മാണിയുടെ ആശിർവാദത്തോടെ കളത്തിലിറങ്ങിയ തോമസ് ചാഴികാടനെ നേരിടാൻ ഇക്കുറി മാണിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ വരുമ്പോഴുള്ള ഭിന്നത മുതലാക്കാമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ നിലപാട്.
മോൻസിന്റെ നിലപാട് നിർണായകം
പി.ജെ.ജോസഫ് മനസ് തുറന്നിട്ടില്ലെങ്കിലും പാർട്ടിയിലെ രണ്ടാമനായ മോൻസ് ജോസഫിന് ഫ്രാൻസിസ് ജോർജിന് സീറ്റ് കൊടുക്കുന്നതിനോട് താത്പര്യമില്ല. മോൻസ് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഫ്രാൻസിസ് ജോർജ് കോട്ടയത്തേക്ക് വന്നാൽ മോൻസിന്റെ പ്രാധാന്യം കുറയുമെന്ന ആശങ്കയുണ്ട്.
'' പാർട്ടിയിൽ ചർച്ചകൾ നടന്നിട്ടില്ല. പലരും മണ്ഡലത്തിൽ വ്യക്തിപരമായി സജീവമായിട്ടുണ്ട്. ഞാൻ മത്സരിക്കില്ല'' മോൻസ് ജോസഫ് എം.എൽ.എ, കേരളാ കോൺഗ്രസ് എക്സിക്യുട്ടീവ് ചെയർമാൻ