ചങ്ങനാശേരി: ദാഹജലത്തിനായി അവർ അലയുകയാണ്. തീരാദുരിതം.... അപ്പോഴും ഒരു നാടിന്റെ ദാഹം അകറ്റാൻ സ്ഥാപിച്ച ജലസംഭരണി ഇന്നും നോക്കുകുത്തിയായി തുടരുകയാണ്. നഗരസഭയുടെ ഒന്നാം വാർഡായ വാഴപ്പള്ളി ഹരിജൻ കോളനി നിവാസികളുടെ ജലക്ഷാമം പരിഹരിക്കുന്നതിനായി ഏഴ് വർഷം മുൻപാണ് ജലസംഭരണി സ്ഥാപിച്ചത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ജലസംഭരണിയിൽ നിന്ന് നാളിതുവരെ വെള്ളം ലഭിച്ചിട്ടില്ല. കാട് മൂടി ജലസംഭരണി നാശത്തിന്റെ വക്കിലാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശവാസികൾ ജീവിത ചെലവുകൾക്കിടയിൽ ശുദ്ധജലം വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ്. കോളനിയിലെ 40 ഓളം കുടുംബങ്ങളാണ് കാലങ്ങളായി ദുരിതം അനുഭവിക്കുന്നത്. പലർക്കും സ്വന്തമായി കിണറുകളില്ല. രണ്ട് പൊതുകിണറുകളാണ് കോളനിക്ക് താഴെയുണ്ടായിരുന്നത്. ഇതിൽ ഒന്ന് മൂടി. ഇപ്പോൾ ആകെയുള്ളത് ഒരു പൊതുകിണറാണ്. അത് വേനലിൽ വറ്റും. കിണറിന് സംരക്ഷണ വേലിയില്ലാത്തതിനാൽ പലപ്പോഴും നായ, പൂച്ച ഉൾപ്പെടയുള്ള മൃഗങ്ങൾ കിണറിൽ വീഴുന്നതും പതിവാണ്. കോളനിയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയലേക്ക് ശുദ്ധജലമെത്തിക്കുന്നത് പോലും സമീപത്തെ വീടുകളിൽ നിന്നാണ്.
സംഭരണി നാടിന് സമർപ്പിച്ചത് 2016ൽ
2016 മെയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ശുദ്ധജല സംഭരണി നാടിനു സമർപ്പിച്ചത്. മൂന്ന് ലക്ഷം രൂപയായിരുന്നു പദ്ധതിയുടെ അടങ്കൽ തുക. സംഭരണി വഴി ശുദ്ധജല കണക്ഷൻ ലഭ്യമാക്കേണ്ട ചുമതല നഗരസഭയ്ക്കായിരുന്നു. എന്നാൽ, ഇത് നടപ്പായില്ല. സംഭരണിയിലേക്ക് ശുദ്ധജലമെത്തിക്കാൻ കോയിപ്പുറം സ്‌കൂൾ ഗ്രൗണ്ടിൽ നഗരസഭ ഫണ്ട് വിനയോഗിച്ച് ഭൂജലവകുപ്പ് കുഴൽ കിണർ കുത്തിയിരുന്നു. എന്നാൽ കുഴൽകിണറിലെ വെള്ളം ഉപയോഗിക്കാൻ കഴിയില്ലെന്ന റിപ്പോർട്ട് വന്നതോടെ പദ്ധതിയിൽ പ്രതീക്ഷ നഷ്ടമായി.