കുമരകം: പൈപ്പ് വെള്ളം എത്തുന്നില്ലെന്ന പരാതിയുമായി കുമരകത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സമരത്തിനിറങ്ങി. ഭരണകക്ഷിയായ എൽ.ഡി.എഫ് അംഗങ്ങൾ പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എക്സി : എൻജിനീയറുടെ പടിയ്ക്കൽ കുത്തിയിരുപ്പ് സമരം നടത്തി. അതേസമയം പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് പടിയ്ക്കൽ സമരം നടത്തി. കുമരകത്തിന്റെ ഉൾപ്രദേശങ്ങളിൽ ശുദ്ധജലം എത്തുന്നില്ലെന്ന മുറവിളി തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പരിഹരിക്കാനാവശ്യമായ ഇടപെടൽ നടക്കുന്നില്ലെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഭരണ, പ്രതിപക്ഷങ്ങൾ സമരത്തിനിറങ്ങിയത്. കുമരകത്തിന്റെ തെക്ക് ,കിഴക്ക് മേഖലകളിൽ താമസിയ്ക്കുന്ന ആളുകളാണ് ശുദ്ധജലം ലഭിയ്ക്കാതെ വിഷമിക്കുന്നത്. ഏഴാം വാർഡിലെ പന്നിക്കോട്, കാക്കരയം, പത്തുപങ്ക് എന്നിവിടങ്ങളിലും എട്ടാം വാർഡിലെ പൊങ്ങലക്കരിയിലും അഞ്ചാം വാർഡിലെ മൂലയിൽ , കൽക്കണ്ടത്തിൽ തുടങ്ങിയ പ്രദേശങ്ങളിലും പ്രതിസന്ധി അതിരൂക്ഷമാണ്.