vinod

കോട്ടയം: ആനപ്രമേകളുടെ ആവേശം ഭാരത് വിനോദ് ചരിഞ്ഞു. തൃശൂർ പൂരം,തിരുനക്കര പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഭാരത് വിനോദ് പാദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചയോടെയാണ് ചരിഞ്ഞത്. 41 വയസായിരുന്നു.

തലയെടുപ്പ് കൊണ്ട് പ്രസിദ്ധിയാർജ്ജിച്ച വിനോദ് ആദ്യം ആതിര വിനോദ് എന്ന പേരിലാണ് ഉത്സവപ്പറമ്പുകളിൽ ശ്രദ്ധേയമായത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കോട്ടയം ഭാരത് ആശുപത്രി ഉടമ ഡോ.വിനോദ് ആനയെ സ്വന്തമാക്കിയതോടെയാണ് ആന ഭാരത് വിനോദ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. വർഷങ്ങളായി തൃശൂർ പൂരം, ഉത്രാളിക്കാവ് പൂരം, ഇത്തിത്താനം ഗജമേള ഉൾപ്പെടെയുള്ള ഉത്സവങ്ങളിലും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നുണ്ട്. തൃശൂർ പൂരത്തിൽ തെക്കോട്ടിറക്കത്തിൽ ഉൾപ്പെടെ ഇടംപിടിച്ചതോടെയാണ് ആന കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞവർഷം സ്വന്തം തട്ടകമായ തിരുനക്കരയിൽ പൂരത്തിന് തേവരുടെ തിടമ്പേറ്രാനും അവസരം ലഭിച്ചു. ഗജപരിപാലത്തിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ഭാരത് ഗ്രൂപ്പ് വിനോദിന് യാത്ര ചെയ്യാൻ ഹൈട്രോളിക്ക് സംവിധാനമുള്ള ലോറിയും ഒരുക്കിയിരുന്നു. കഴിഞ്ഞ 22 ദിവസമായി ചികിത്സയിലായിരുന്ന ആനയുടെ ആരോഗ്യസ്ഥിതി കഴിഞ്ഞദിവസമാണ് ഗുരുതരമായത്. കോടനാട് എത്തിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.