d

പാലാ: തന്റെ എയർപോഡ് മോഷ്ടിച്ചത് ഭരണപക്ഷ കൗൺസിലറും സി.പി.എം പാർലമെന്ററി പാർട്ടി ലീഡറുമായഅഡ്വ.ബിനു പുളിക്കക്കണ്ടമാണെന്ന വെളിപ്പെടുത്തലുമായി മറ്രൊരു ഭരണപക്ഷ കൗൺസിലറായ കോൺഗ്രസ് എമ്മിലെ ജോസ് ചീരാംകുഴി രംഗത്തെത്തിയതോടെ സംഭവം പുതിയ വഴിത്തിരിവിലേക്ക്.

തന്റെ എയർപോഡ് ബിനു പുളിക്കക്കണ്ടമാണ് ഉപയോഗിക്കുന്നതെന്ന് ലൊക്കേഷൻ പരിശോധിച്ചതിലൂടെയും സാഹചര്യത്തെളിവുകളിലൂടെയും വ്യക്തമായെന്നാണ് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ജോസ് ചീരാംകുഴി വെളിപ്പെടുത്തിയത്. ഇത് നിഷേധിച്ച ബിനു ഈ സംഭവത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചു.

ഇന്നലെ വൈകിട്ട് 4 മണിയോടെ നഗരസഭാ കൗൺസിൽ യോഗം ആരംഭിച്ച ഉടൻ അഡ്വ. ബിനു പുളിക്കക്കണ്ടം സഭയിൽ അദ്ധ്യക്ഷയായിരുന്ന വൈസ് ചെയർപേഴ്സൺ ലീനാ സണ്ണിക്ക് കത്ത് കൊടുത്തു. എയർപോഡ് മോഷണം പോയ വിഷയത്തിൽ ഉന്നത നേതാവിന്റെ വീട്ടിൽ ഗൂഢാലോചന നടന്നെന്നും ഇതേപ്പ​റ്റി പോലീസ് അന്വേഷിക്കണമെന്നുമായിരുന്നു ബിനുവിന്റെ കത്തിലെ ഉള്ളടക്കം. തുടർന്ന് ഭരണപക്ഷാംഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് രൂക്ഷമായ ബഹളമുണ്ടാക്കി. ഇതിനിടെ കേരളാ കോൺഗ്രസ് (എം) പ്രതിനിധികൾ എയർപോഡ് മോഷ്ടിച്ചതാരാണെന്ന് പേര് ഉടൻ വെളിപ്പെടുത്തണമെന്ന് ജോസ് ചീരാംകുഴിയോടാവശ്യപ്പെട്ടു. സമ്മർദ്ദമേറിയതോടെയാണ് ബിനു പുളിക്കക്കണ്ടത്തിന്റെ പേര് ജോസ് ചീരാംകുഴി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ''അമ്പ് ഒരാൾക്കുനേരെ'' എന്ന തലക്കെട്ടിൽ ''കേരള കൗമുദി'' ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

എടുത്തത് ബിനു തന്നെ: ജോസ്
മൂന്ന് മാസം മുൻപ് നടന്ന കൗൺസിലിൽ വച്ച് നഷ്ടപ്പെട്ടു പോയ ആപ്പിളിന്റെ എയർപോഡ് മോഷ്ടിച്ചത് സമീപത്തിരുന്ന ബിനു പുളിക്കക്കണ്ടം തന്നെയാണ്. കഴിഞ്ഞ ദിവസം യു.ഡി.ഫ് കൗൺസിലർമാർ നിരപരാധിത്വം പറഞ്ഞ് ചെയർപേഴ്സണ് കത്ത് നൽകിയിട്ട് പ്രതികരിക്കാതിരുന്നത് തെറ്റ്ചെയ്തവർ തെറ്റ് തിരുത്തി തിരിച്ച് തരട്ടെയെന്ന് കരുതിയാണ്. ഈ എയർപോഡ് എന്റെ ഫോണുമായി കണക്ട് ആയിരുന്നതിനാൽ ആര് ഉപയോഗിച്ചാലും ലൊക്കേഷൻ സഹിതം ഫോണിൽ ലഭിക്കും.

ഇന്നലെ കൗൺസിലിൽ ബിനു പുളിയ്ക്കക്കണ്ടം എയർപോഡ് മോഷണത്തിൽ ദുരുഹതയുണ്ടന്നും വലിയ രാഷ്ട്രീയ നേതാവിന്റെ പങ്കുണ്ടന്നും പറഞ്ഞതിനാലാണ് പേര് വെളിപ്പെടുത്തേണ്ടി വന്നത്. എയർപോഡ് നഷ്ടപ്പെട്ടപ്പോൾ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലൊരു രാഷ്ട്രീയ ഗൂഢാലോചനയും ഇല്ല- ജോസ് കേരളകൗമുദിയോട് പറഞ്ഞു.

ഗൂഢാലോചനയുണ്ട്, പൊലീസ് അന്വേഷിക്കണം:ബിനു

എയർപോഡ് മോഷണം പൊലിസ് അന്വേഷിക്കണമെന്നും തന്നെ മോഷ്ടാവാക്കിയതിന് പിന്നിൽ ഉന്നത നേതാവിന്റെ വീട്ടിൽ വൻഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിനു പുളിക്കക്കണ്ടം ആക്ടിംഗ് ചെയർപേഴ്സൺ ലീനാ സണ്ണിക്ക് നൽകിയ കത്തിൽ കു​റ്റപ്പെടുത്തുന്നു. എയർപോഡ് എവിടെയും കൊണ്ടുവച്ച് തെളിവുകൾ ഉണ്ടാക്കാം.എയർപോഡ് ഇപ്പോൾ കൈവശംവച്ചിരിക്കുന്ന ഉയർന്നപദവിയിൽ നേരത്തെയിരുന്ന ഇപ്പോഴത്തെ കൗൺസിലറെ അറസ്​റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നാണക്കേട് : സതീഷ് ചൊള്ളാനി

ഭരണപക്ഷ അംഗങ്ങൾ വാദിയും പ്രതിയുമായി മാറിയ

എയർപോഡ് മോഷണ വിവാദം നഗരഭയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് സതീഷ്ചൊള്ളാനി പറഞ്ഞു.