rubber

കോട്ടയം : റബർ അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട വെള്ളൂർ കേരള റബർ ലിമിറ്റഡ് പ്രവർത്തനം എങ്ങുമെത്താതെ നീളുന്നു. 1900 കോടി മുതൽ മുടക്കിൽ സിയാൽ മാതൃകയിലാണ് സംസ്ഥാന സർക്കാർ കേരളറബർ ലിമിറ്റഡിന് രൂപം നൽകിയത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 4.5 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചു. വെള്ളൂർ കേരളപേപ്പർ പ്രോഡക്ടസ് ലിമിറ്റഡ് വളപ്പിലെ 164.86 ഏക്കർ ഭൂമിയും കൈ മാറി. ഇവിടെ വിവിധ കമ്പനികൾക്ക് പാട്ടവ്യവസ്ഥയിൽ സ്ഥലം നൽകി റബർ പാർക്ക് ആരംഭിക്കാനായിരുന്നു തീരുമാനം. കമ്പനി ഡയറക്ടർ ബോർഡ് രൂപീകരിച്ച് മാസങ്ങളായിട്ടും പ്രവർത്തനം തുടങ്ങിയില്ല. പതിനഞ്ച് ലക്ഷത്തോളം റബർ കർഷകരാണ് കേരളത്തിലുള്ളത്. ഇതിൽ ഏറെയും കോട്ടയം ജില്ലയിലാണ്. വൻകിട ടയർ കമ്പനികൾ റബർ വിപണി നിയന്ത്രിക്കുന്നതിനാൽ മികച്ച വില കിട്ടാതെ പലരും റബർ കൃഷി ഉപേക്ഷിക്കുമ്പോഴാണ് പാർക്ക് പുതിയ പ്രതീക്ഷയാകുന്നത്. ഓട്ടോമൊബൈൽ പാർട്സുകൾ , കൈയുറകൾ, മാറ്റുകൾ, എന്നിവ നിർമ്മിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

എങ്ങുമെത്താതെ ഭൂമി നികത്തൽ

ചതുപ്പും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലം നികത്തി എടുക്കുന്നതിലെ കാലത്താമസമെന്നാണ് അധികൃതരുടെ വിശദീകരണം. മണ്ണിന്റെ ലഭ്യത കുറവ് നികത്തലിന് തടസമായി. മഴ ശക്തമായതും തിരിച്ചടിയായി. ആദ്യ ഘട്ടത്തിൽ 22 ഏക്കർ സ്ഥലം ഒരുക്കി കമ്പനികൾക്ക് കൈമാറാനാണ് നീക്കം. ഇതിനുള്ള നികത്തൽ ജോലികൾ നടക്കുന്നു. റോഡ് അടക്കമുള്ള സൗകര്യങ്ങളും വെള്ളവവും വൈദ്യുതിയം ലഭ്യമാക്കണം. സ്ഥലം കൈമാറുന്നതിന് ചട്ടങ്ങൾ രൂപീകരിക്കണം. ആദ്യഘട്ടം പൂത്തിയായ ശേഷം അവശേഷിക്കുന്ന സ്ഥവും മണ്ണിട്ടു നികത്തി സംരഭകർക്ക് കൈമാറും.

കഴിഞ്ഞ വർഷാരംഭത്തിൽ റബർ പാർക്ക് പ്രവർത്തനം ലക്ഷ്യമിട്ടിരുന്നതാണ്.

'' സർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച വെള്ളൂർ കേരള പേപ്പർ ലിമിറ്റഡ്സിൽ. വൻ വികസനമാണ് ലക്ഷ്യമിടുന്നത്. സിയാൽ മോഡൽ റബർ കമ്പനി പ്രവർത്തനത്തിന്റെ ഭാഗമായുള്ള റബർ പാർക്കിന്റെ ആദ്യ ഘട്ടം ഉടൻ ആരംഭിക്കം ഇത് റബർ അധിഷ്ഠിത വ്യവസായ മേഖലയിൽ പുത്തൻ ഉണർവുണ്ടാക്കും.''

വി.എൻ.വാസവൻ

സഹകരണ തുറമുഖ വകുപ്പ് മന്ത്രി