പള്ളിക്കത്തോട്: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർഥികൾ ക്യാമ്പസിനു പുറത്ത് നടത്തിയ ഡോക്യുമെന്ററി പ്രദർശനം തടഞ്ഞ് ആർ.എസ്.എസ്.ബി.ജെ.പി പ്രവർത്തകർ. അയോദ്ധ്യയിൽ ബാബ്‌രി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ആനന്ദ് പട്‌വർദ്ധൻ 1992 ൽ സംവിധാനം ചെയ്ത രാം കെ നാം എന്ന ഡോക്യുമെന്ററിയുടെ പ്രദർശനമാണ് ബി.ജെ.പി. പ്രവർത്തകർ തടഞ്ഞത്. ഫിലിം ഇൻസ്റ്റിറ്റിയൂട്ടിനു സമീപമുള്ള ക്ഷേത്രത്തിന് എതിർവശത്താണ് വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശനം നടത്തിയത്. ഇതിനെതിരെ ബി.ജെ.പി പ്രവർത്തകരെത്തി പ്രതിഷേധിക്കുകയും പ്രദർശനം തടയുകയുമായിരുന്നു. പൊലീസ് അനുമതിയോടെയാണ് പ്രദർശനമെന്ന് വിദ്യാർഥികൾ അവകാശപ്പെട്ടെങ്കെലും ബി.ജെ.പി പ്രവർത്തകർ പ്രദർശനം തുടരാൻ അനുവദിച്ചില്ല. വിദ്യാർഥികളും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പള്ളിക്കത്തോട് പൊലീസെത്തി ഡോക്യുമെന്ററി പ്രദർശനം നിർത്തിവെപ്പിച്ചു.