
കോട്ടയം : ശരണ്യ സ്വയംതൊഴിൽ പദ്ധതിയിലൂടെ ജില്ലയിൽ 52 വായ്പകൾക്ക് ജില്ലാതല സമിതി അംഗീകാരം നൽകി. കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, വൈക്കം, പാലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന ലഭിച്ച അപേക്ഷകൾക്കാണ് അംഗീകാരം നൽകിയത്.
തയ്യൽ യൂണിറ്റ്, തുണിത്തരങ്ങളുടെ വിൽപന, കാലി വളർത്തൽ, ആടുവളർത്തൽ, കോഴിവളർത്തൽ, കമ്പ്യൂട്ടർ സെന്റർ, ട്യൂഷൻ സെന്റർ, ഭക്ഷണശാല, തട്ടുകട, കയർ നിർമാണം, സോപ്പ് നിർമാണം, കേക്ക് നിർമാണം, സംഗീതക്ലാസ്, ലോട്ടറി വിൽപന, സ്‌റ്റേഷനറി കട തുടങ്ങിയ പദ്ധതികളാണ് ശരണ്യപദ്ധതിയിൽ അപേക്ഷകർ സമർപ്പിച്ചിരുന്നത്. അപേക്ഷകർക്ക് റൂറൽ ഡവലപ്‌മെന്റ് ആൻഡ് സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ആറുദിവസത്തെ പരിശീലനം നൽകും. വായ്പ ലഭിക്കുന്നതിനായി നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കണം.