ucha

കോട്ടയം : വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമൊരുക്കിയ പണത്തിനായി പ്രഥമാദ്ധ്യാപകരുടെ നെട്ടോട്ടം. ഉച്ചഭക്ഷണത്തിനാവശ്യമായ അരി സൗജന്യമാണെങ്കിലും കറിയ്ക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറി വരെ കൈയിൽ നിന്ന് പണം കൊടുത്ത് വാങ്ങണം. പച്ചക്കറികളും പലചരക്ക് സാധനങ്ങളും നിശ്ചിത കടയിൽ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നൽകും എന്നുമാണ് നിബന്ധന. ഇതോടെ കച്ചവടക്കാർക്ക് ഒഴിവാകാനും വിദ്യാലയങ്ങൾക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥയാണ്. കഴിഞ്ഞവർഷവും മാസങ്ങൾ കഴിഞ്ഞാണ് പണം നൽകിയത്. എന്നിട്ടും ഉച്ചഭക്ഷണം ഇവർ വിളമ്പുന്നത് സമൃദ്ധമായിട്ടാണ്. ഈ അദ്ധ്യയന വർഷം മുതൽ അതത് മാസത്തെ തുക മുൻകൂറായി നൽകുമെന്നായിരുന്നു വാഗ്ദാനം. പി.ടി.എകൾ ആദ്യം സഹകരിച്ചിരുന്നെങ്കിലും ഫണ്ട് തീർന്നതോടെ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകന്റെ തോളിലായി. അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്ന ജോലിയ്ക്ക് പുറമേയാണ് ഹെഡ്മാസ്റ്റർമാർക്ക് ഉച്ചഭക്ഷണ വിതരണ ചുമതലയും.

പാലും മുട്ടയും മസ്റ്റ് , നൽകുന്നത് 8 രൂപ
ഉച്ചഭക്ഷണത്തിന് നിലവിൽ പ്രതിദിനം ഒരു കുട്ടിയ്ക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത് എട്ട് രൂപയാണ്. 150 കുട്ടികൾ വരെയുള്ള സ്‌കൂളിലാണ് ഒരു കുട്ടിക്ക് എട്ട് രൂപ. 151 മുതൽ 500 വരെ കുട്ടികളുള്ള സ്‌കൂളിൽ ഏഴ് രൂപ ലഭിക്കും. 500 ന് മുകളിൽ ആറു രൂപയാണ് നൽകുന്നത്. പലവ്യഞ്ജനം, പച്ചക്കറി, മുട്ട, പാൽ, പാചകവാതകം എന്നിവയ്‌ക്കെല്ലാം കൂടിയാണ് ഈ തുക നൽകുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള മെനു അനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കേണ്ടത്. ആഴ്ചയിൽ ഒരു മുട്ടയും രണ്ടു തവണ പാലും നിർബന്ധമാണ്. അരി സ്‌കൂളിലെത്തിക്കാനുള്ള വണ്ടിക്കൂലിയും കയറ്റിറക്ക് കൂലിയും കണ്ടെത്തണം.

ഒരു മാസം 16000 രൂപ

ഒരു മാസം കുറഞ്ഞത് 16000 രൂപ കൈയിൽ നിന്ന് ഇറക്കേണ്ടി വരും. കുട്ടികളുടെ എണ്ണം കൂടുംതോറും കിട്ടാനുള്ള തുക കൂടും. ഇനി പണം നൽകാതെ പാചക വാതകം നൽകാനാവില്ലെന്ന് ചില ഗ്യാസ് ഏജൻസികളും നിലപാടെടുത്തിട്ടുണ്ട്. 5 മുതൽ 15 സിലിണ്ടർ വരെ കുട്ടികളുടെ എണ്ണം അനുസരിച്ച് വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

' സർക്കാർ തരുന്നതിനേക്കാൾ കൂടുതൽ പണം കൈയിൽ നിന്ന് ചെലവാകും. ഇപ്പോൾ സർവസാധനങ്ങൾക്കും വിലകൂടിയെങ്കിലും അതിന് അനുസരിച്ച വിഹിതം വർദ്ധിപ്പിച്ചിട്ടില്ല. ലോണും മറ്റ് ബാദ്ധ്യതകളുമുള്ളപ്പോൾ പണം വൈകുന്നത് പ്രതിസന്ധിയാകുന്നുണ്ട്
പ്രധാനാദ്ധ്യാപിക