കുറവിലങ്ങാട്: അരനൂറ്റാണ്ടിലേറെ പൊതുപ്രവർത്തന രംഗത്ത് നിറസാന്നിദ്ധ്യമായ അംബികാ സുകുമാരൻ കാണക്കാരി പഞ്ചായത്തിന്റെ തലപ്പത്തേയ്ക്ക് എത്തുമ്പോൾ അർഹതയ്ക്കുള്ള അംഗീകാരമായി. പഞ്ചായത്തംഗം, ഉഴവൂർ ബ്ളോക്ക് പഞ്ചായത്തംഗം, വൈസ് പ്രസിഡന്റ് എന്നീ നിലകളിലെ പ്രവർത്തന പരിചയമാണ് അംബികയുടെ കരുത്ത്.
2000 - 2005 വരെയും മെമ്പറായിരുന്നു. 2010-2015കാലഘട്ടത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു. തുടർന്നാണ് രണ്ടര വർഷത്തോളം വൈസ് പ്രസിഡന്റായത്. കാണക്കാരി പഞ്ചായത്തിലെ നാലാം വാർഡ് അംഗമായ അംബിക സുകുമാരൻ ജനകീയയാണ്. എസ്.എൻ.ഡി.പി യോഗം കടപ്പൂര് 105-ാം നമ്പർ ശാഖ മുൻ സെക്രട്ടറിയാണ്. മീനച്ചിൽ യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കാണക്കാരി സർവീസ് സഹകരണബാങ്ക് ഭരണസമിതിയംഗവും പിന്നീട് അഡ്മിനിസ്‌ട്രേറ്ററുമായും പ്രവർത്തിച്ചു.
കായംകുളം രാമപുരം തഴയശേരിൽ കുടുംബാംഗമാണ്. കടപ്പൂര് നടപ്പുരയിൽ സുകുമാരനാണ് ഭർത്താവ്. അമ്പിളി, അനു (ഓസ്‌ട്രേലിയ), ആര്യ (ഫിലാഡൽഫിയ യു.എസ്.എ) എന്നിവരാണ് മക്കൾ. രാജേഷ്, പ്രമോദ്, ജയ് എന്നിവർ മരുമക്കളും ഗൗരി രാജ്, ആർച്ച പ്രമോദ്, അർജ്ജുൻ പ്രമോദ്, ആദിത്യ ജയ്, അഭിനവ് ജയ് എന്നിവർ കൊച്ചുമക്കളുമാണ്.
'' പഞ്ചായത്തിന്റെ സർവതോൻമുഖ വികസനത്തിനാണ് പ്രാധാന്യം. എല്ലാവരുടേയും സഹകരണം ഉണ്ടാകുമെന്ന ഉറപ്പുണ്ട്'' അംബികാ സുകുമാരൻ