kaadu

മുണ്ടക്കയം ഈസ്റ്റ് : വിലയിടിവിൽ നട്ടംതിരിഞ്ഞ റബർ ക‍ർഷകർ ടാപ്പിംഗ് നിറുത്തിയതോടെ തോട്ടങ്ങൾ കാടുകയറി വന്യമൃഗശല്യം രൂക്ഷമായി.
പെരുവന്താനം പഞ്ചായത്തിലെ ടി ആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഭൂരിഭാഗവും വനസമാനമാണ്. ദേശീയപാതയിൽ മുപ്പത്താറാംമൈൽ മുതൽ മരുതുംമൂട് വരെയുള്ള റോഡിന്റെ ഒരുവശം എസ്റ്റേറ്റിന്റെ ഭാഗമാണ്. ഇവിടെ ടാപ്പിംഗ് നിലച്ചിട്ട് വർഷങ്ങളായി. കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങളിൽ കാട്ടുപന്നി, കുറുക്കൻ, പെരുമ്പാമ്പ് അടക്കമുള്ളവയുടെ ശല്യം രൂക്ഷമാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് ദേശീയപാത കടന്ന് കാട്ടുപന്നി എത്തുന്നത്. മരുതുംമൂട് മുപ്പത്തിയാറാംമൈൽ മേഖലയിലുള്ളവർ ഭീതിയോടെയാണ് വീടിന് പുറത്തിറങ്ങുന്നത്.

വള്ളിപ്പടർപ്പുകൾ ദേശീയപാതയിലേക്ക്

രാത്രികാലങ്ങളിൽ റോഡ് മുറിച്ചു കടക്കുന്ന മൃഗങ്ങളെ വാഹനം ഇടിക്കുന്ന സംഭവങ്ങളും പതിവാണ്. തോട്ടത്തിലെ കാട്ടുപയർ ഉൾപ്പെടെയുള്ള വള്ളിപ്പടർപ്പുകൾ ദേശീയപാതയിലേക്ക് വളർന്നത് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയാണ്. കാൽനടയാത്രക്കാർക്കും റോഡിലേക്ക് ഇറങ്ങി നടക്കേണ്ട് സ്ഥിതിയാണ്. ഇത് അപകടങ്ങൾക്കിടയാക്കുമെന്നാണ് ആശങ്ക. സ്കൂൾ തുറന്നതോടെ നിരവധി വിദ്യാർത്ഥികളാണ് ഇതുവഴി യാത്ര ചെയ്യുന്നത്.

കാട്ടുപള്ളകൾ എത്രയും വേഗം നീക്കം ചെയ്ത് അപകടഭീഷണി ഒഴിവാക്കണം. രാത്രികാലങ്ങളിൽ പാമ്പിന്റെ ശല്യം രൂക്ഷമാണ്.

-സഹദേവൻ, പരിസരവാസി