കെട്ടിടസമുച്ചയ ഉദ്ഘാടനം ഫെബ്രുവരി 3ന്

പാലാ: കൂടല്ലൂർ സാമൂഹ്യ കുടുംബാരോഗ്യ കേന്ദ്രത്തിനുവേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടസമുച്ചയത്തിന്റേയും അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടേയും ഉദ്ഘാടനം ഫെബ്രുവരി 3ന് വൈകുന്നേരം 6ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. കൂടല്ലൂർ ആശുപത്രിയിൽ 1000 സ്‌ക്വയർഫീറ്റ് വിസ്തീർണ്ണത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പുതിയ ഒ.പി.ബിൽഡിംഗാണ് നിർമ്മിച്ചിരിക്കുന്നത്. പശ്ചാത്തല സൗകര്യങ്ങൾ ഉൾപ്പെടുത്തി ആശുപത്രി വികസനം വേഗത്തിലാണ് പൂർത്തീകരിച്ചിരിക്കുന്നതെന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി.
കൂടല്ലൂർ ആശുപത്രിയിലെ പഴയ ഒ.പി.ബ്ലോക്ക് കാലപ്പഴക്കത്താൽ ജീർണ്ണിച്ച് അപകടാവസ്ഥയിലായ സാഹചര്യം കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കിയത്. പുതിയ ഒ.പി ബ്ലോക്ക് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ഷൈലജ ടീച്ചർക്ക് നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ 2.37 കോടി രൂപയുടെ വികസനപദ്ധതിക്ക് അനുമതി നൽകിയത്.

ആർദ്രം പദ്ധതിയിൽ 35 ലക്ഷം

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2021 2022 കാലഘട്ടത്തിൽ 35 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളും നടപ്പാക്കി. വികലാംഗരായ രോഗികൾക്ക് ഉപയോഗിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെയുള്ള നാല് പരിശോധനാ മുറികൾ ഡോക്ടർമാർക്കുവേണ്ടി സജ്ജമാക്കിയിട്ടുണ്ട്. ഫാർമസിയിൽ എത്തുന്ന രോഗികൾക്ക് വിശാലമായ വെയിറ്റിംഗ് ഏരിയായിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.