
കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ഉറപ്പായതോടെ സ്ഥാനാർത്ഥിയെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ തർക്കം. യു.ഡി.എഫിന് ജയസാദ്ധ്യതയുള്ള മണ്ഡലമായതിനാൽ മികച്ച സ്ഥാനാർത്ഥി വേണമെന്ന നിർദ്ദേശം സീറ്റ് ചർച്ചയിൽ കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. ഫ്രാൻസിസ് ജോർജ്, എം.പി.ജോസഫ്, പി.സി.തോമസ് തുടങ്ങിയ പേരുകളാണ് ജോസഫ് ഗ്രൂപ്പിൽ നിന്ന് ഉയരുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
ജോസഫ് ഗ്രൂപ്പ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് എൻ.ഡി.എ സ്ഥാനാർത്ഥിയായി നേരത്തേ മത്സരിച്ചതിനാൽ കോൺഗ്രസ് നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജയസാദ്ധ്യത പി.ജെ.ജോസഫിനും, മോൻസ് ജോസഫിനുമുള്ളതിനാൽ ഇവരിൽ ഒരാൾ മത്സരിക്കണമെന്ന താത്പര്യം കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ചെങ്കിലും ലോക്‌സഭയിലേക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി.
ഇറക്കുമതി സ്ഥാനാർത്ഥികൾക്ക് പകരം കോട്ടയംകാരനായ തനിക്കാണ് ജയസാദ്ധ്യത കൂടുതലെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പുറത്തു നിന്നുള്ള സ്ഥാനാർത്ഥി ആവശ്യമില്ല. ഫ്രാൻസിസ് ജോർജും, എം.പി.ജോസഫും മത്സരിച്ചു തോറ്റവരാണ്. പിന്നീട് പരിഗണിക്കാമെന്ന പി.ജെ.ജോസഫിന്റെ ഉറപ്പിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മാറി നിന്നത്. കോട്ടയത്ത് തന്നെ പരിഗണിക്കണമെന്ന് ചെയർമാനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജയസാദ്ധ്യത കണക്കിലെടുത്ത് സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്.