വൈക്കം:വഴി തടസപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ പാടശേഖരത്തിന്റെ പുറംബണ്ടിൽ നിന്ന തെങ്ങിൻ തൈകൾ വെട്ടിനശിപ്പിച്ചതായും കൃഷിക്കായി സൂക്ഷിച്ചിരുന്ന വളവും നീറ്റുകക്കയും തോട്ടിലെറിഞ്ഞതായും പരാതി. തലയാഴം കളപ്പുരയ്ക്കൽകരി പാടശേഖരസമിതി ഭാരവാഹികൂടിയായ പുതുച്ചിറ പി.ജി.ബേബിയാണ് പ്രദേശവാസികളായ രണ്ട് പേർക്കെതിരെ വൈക്കം പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കളപ്പുരയ്ക്കൽ പാടശേഖരത്തിന്റെ ബണ്ടിനോടു ചേർന്ന സ്ഥലത്തെ നാല് തെങ്ങിൻ തൈകൾ പൂർണമായും നശിപ്പിച്ചതായി ബേബിയുടെ പരാതിയിൽ പറയുന്നു. പടുത ഇട്ട് മൂടിയ 15 ചാക്ക് കോഴിവളം,20 ചാക്ക് നീറ്റുകക്ക , 50 കിലോ തൂക്കം വരുന്ന ഒരു ചാക്ക് വളം, 50 കിലോ മഗ്നീഷ്യം സൾഫേറ്റ് എന്നിവയാണ് തോട്ടിലെറിഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണം: കിസാൻ സഭ
വൈക്കം: തലയാഴം പഞ്ചായത്തിൽ തോട്ടകം പുതുച്ചിറ വീട്ടിൽ പി.ജി.ബേബിയുടെ പാടവരമ്പിൽ നട്ടുവളർത്തിയിരുന്ന തെങ്ങിൻ തൈകൾ ഉൾപ്പെടെ നശിപ്പിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് അഖിലേന്ത്യാ കിസാൻ സഭ വൈക്കം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് കിസാൻ സഭ മണ്ഡലം പ്രസിഡന്റ കെ.വി.പവിത്രൻ, സെക്രട്ടറി കെ.കെ.ചന്ദ്രബാബു എന്നിവർ അറിയിച്ചു