
കോട്ടയം : കനത്ത ചൂടിൽ കന്നുകാലികൾക്കും വേണം കരുതൽ. വേണ്ടത്ര ശുദ്ധജലം ഉറപ്പാക്കണമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിർദ്ദേശം. ദിവസം 2 തവണ വെള്ളം നൽകുന്നത് മൂന്നു നേരമാക്കി ഉയർത്തണം. രാത്രി തൊഴുത്തിന് സമീപം കന്നുകാലികൾക്ക് എപ്പോൾ വേണമെങ്കിലും കുടിക്കാവുന്ന വിധത്തിൽ വെള്ളം കരുതി വയ്ക്കണം. 5 ടേബിൾ സ്പൂൺ അപ്പക്കാരത്തിന് പുറമെ കല്ലുപ്പും വെള്ളത്തിൽ കലർത്തി നൽകുന്നതു വേനൽക്കാല വയറിളക്കവും മറ്റും കുറയ്ക്കും. പകൽ ഉയർന്ന ചൂടുള്ള സമയത്തു കാലികളെ മേയാൻ വിടരുത്. വെയിലത്ത് കെട്ടിയിടരുത്. കഴിയുന്നതും മരത്തണലിലേക്കു മാറ്റിക്കെട്ടുന്നതാണു കൂടുതൽ ആരോഗ്യകരം. പശുക്കളെയും മറ്റും രാവിലെ കുളിപ്പിക്കുന്നതിന് പകരം ഉച്ചയ്ക്ക് കുളിപ്പിക്കുന്നതാണ് നല്ലത്. ശരീരം ഇടയ്ക്കിടെ വെള്ളമൊഴിച്ചു തണുപ്പിച്ച് നൽകുന്നതും നല്ലതാണ്.
വേണം പ്രത്യേക കരുതൽ
ചർമ്മമുഴ ബാധിച്ച പശുക്കൾക്ക് പ്രത്യേക കരുതൽ വേണം
തൊഴുത്തിന് മുകളിൽ പച്ച തെങ്ങിൻ പട്ട വിരിച്ച് ചൂടിന്റെ കാഠിന്യം കുറയ്ക്കാം
. തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം, വരണ്ട കാറ്റ് നേരിട്ടടിക്കുന്നത് തടയണം
നനഞ്ഞ ചാക്കു പുറത്തിട്ടും കെട്ടിത്തൂക്കിയും ചൂട് ശമിപ്പിക്കാം
.
പാൽ ഉത്പാദനത്തിൽ കുറവ്
കഠിന ചൂടിൽ പാൽ ഉത്പാദനവും ഗണ്യമായി കുറഞ്ഞു. ചൂട് സഹിക്കാനാവാതെ കറവപ്പശുക്കൾ തളർന്ന് വീഴുന്ന സംഭവങ്ങളും വർദ്ധിച്ചു. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിനനുസരിച്ച് ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും തീറ്റയെടുക്കാനാകാത്തതുമാണ് പശുക്കളിൽ പാൽ കുറയാൻ കാരണം. പച്ചപ്പുല്ലിനടക്കം ക്ഷാമം നേരിടുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.