re

കോട്ടയം : ചില മേഖലകളിലെങ്കിലും ഭരണഘടനാതത്വങ്ങൾ വെല്ലുവിളിക്കപ്പെടുന്നതും ഫെഡറൽ സംവിധാനങ്ങൾക്ക് വെല്ലുവിളി ഉയരുന്നതും സ്ഥിതി സമത്വം അട്ടിമറിക്കപ്പെടുന്നതും ഭയാജനകമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഏതുമതത്തിൽ പിറന്നുവെന്നതല്ല എങ്ങനെ ചിന്തിക്കുന്നു എന്നതാണ് പ്രധാനം. വർഗീയത ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായായലും അപകടമാണ്. മതാധിഷ്ഠിധ ചിന്താഗതിയുമായി ആധിപത്യം സഥാപിക്കാൻ വരുന്നവർ ഭരണഘടനയോടാണ് വെല്ലുവിളി ഉയർത്തുന്നത്. രാജ്യം മതത്തിന്റെ പേരിൽ സംഘർഷഭരിതമാകരുത്. ആചാരനുഷ്ഠാനങ്ങളുടെ പേരിൽ വെല്ലുവിളി ഉയർത്തുന്ന നിലയിലേക്കു മാറുകയുമരുതെന്ന് അദ്ദേഹം പറഞ്ഞു. 22 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഒ ടി. ശ്രീജിത്തായിരുന്നു പരേഡ് കമാൻഡർ. ഔദ്യോഗികചടങ്ങുകൾക്കുശേഷം സാംസ്‌കാരിപരിപാടികളും അരങ്ങേറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി, കോട്ടയം നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, എ.ഡി.എം. ജി. നിർമൽ കുമാർ, പാലാ ആർ ഡി ഒ പി.ജി. രാജേന്ദ്ര ബാബു എന്നിവർ പങ്കെടുത്തു.