ചങ്ങനാശേരി: നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ച് വേനൽകാലത്ത് പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു. തൃക്കൊടിത്താനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് പൈപ്പ്ലൈനുകൾ പൊട്ടി വെള്ളം പാഴാകുന്നത്. കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാട്ടുകാർ. പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ ചാപ്രത്ത് പടിക്ക് സമീപം അഞ്ചു ദിവസമായി പൈപ്പ് പൊട്ടി കുടിവെള്ലം പാഴാകുകയാണ്. ഇതോടെ കിഴക്കുഭാഗം, ചക്രായത്തിൽകുന്ന് പ്രദേശങ്ങളിൽ കുടിവെള്ളമെത്താതായി. വേനൽചൂടിന്റെ കാഠിന്യത്തിൽ കിണറുകളിലെ വെള്ളവും വറ്റിത്തുടങ്ങി. പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് പ്രദേശവാസികൾ കഴിയുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി വെള്ളം എത്താത്തതിൽ ദുരിതമനുഭവിക്കുകയാണ് നാട്ടുകാർ. പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് വെള്ളമാണ് റോഡിലൂടെ പാഴായിപ്പോകുന്നത്. റോഡ് പൊട്ടിപ്പൊളിയുന്നതിനും ഇത് കാരണമാകുന്നുണ്ട്. വേനൽ ശക്തമായതോടെ നിരവധി മേഖലകളിലാണ് കുടിവെള്ള ക്ഷാമംഅനുഭവപ്പെടുന്നത്.
റോഡിൽ കെണിയുണ്ട്...
പൈപ്പ് പൊട്ടി റോഡിൽ രൂപപ്പെട്ട കുഴികൾ ഇരുചക്രവാഹനയാത്രികരെയും ദുരിതത്തിലാക്കുന്നു. രാത്രികാലങ്ങളിൽ പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെടുന്നതും പതിവാണ്. ദിനംപ്രതി നൂറ് കണക്കിനാളുകൾ കടന്നുപോകുന്ന പാതയാണിത്. വെള്ളം ഒഴുകുന്നത് കാൽനടയാത്രികരെയും ബുദ്ധിമുട്ടിലാക്കുന്നു. അറ്റകുറ്റപ്പണികൾ നടത്തി താത്ക്കാലികമായി തടിതപ്പുന്നതല്ലാതെ ശാശ്വത പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ല.