
കോട്ടയം : അധിക മഴനൽകി തുലാവർഷം കനിഞ്ഞനുഗ്രഹിച്ചിട്ടും ചൂടുകൂടിയതോടെ ജില്ലയിലെ ആറുകൾ മണൽപ്പരപ്പായി. തെറ്റില്ലാത്ത കാലവർഷവും തിമിർത്തു പെയ്ത തുലാവർഷവും ഈ മാസം ആദ്യം പെയ്ത അപ്രതീക്ഷിത മഴയും ലഭിച്ച നാടിനാണ് ഈ ദുർഗതി. അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തിൽ വരൾച്ചാ പ്രവചനമാണ്. മീനച്ചിലാർ, മണിമലയാർ ഭാഗങ്ങൾ ശേഷിയിലുണ്ടായ ശോഷണത്തിന്റെ തുടർച്ചയാണ് ഈ വർഷവും കാണുന്നതെന്നാണ് നിഗമനം. ഓരോ മണിക്കൂറിലും ജലനിരപ്പ് താഴുകയാണെന്ന് പുഴയോര നിവാസികൾ പറയുന്നു. മാസങ്ങൾക്ക് മുന്നേ നിറഞ്ഞൊഴുകിയ നദികളിൽ പാദത്തിന്റെ അത്രയും മാത്രമേ വെള്ളമുള്ളൂ. ഏതാനും ദിവസങ്ങളായി തുടരുന്ന അതിശക്തമായ വെയിലും ഉഷ്ണവും വേഗം വെള്ളം വറ്റുന്നതിനു കാരണമാകുന്നു. തോടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയിലെല്ലാം അതിവേഗം വെള്ളം താഴുകയാണ്.
 രാജ്യത്ത് ചൂടൻ കോട്ടയം
രാജ്യത്ത് ഏറ്റവും ചൂട് കോട്ടയത്തായിരുന്നു. ഇന്നലെ 35.6 ഡിഗ്രി. സാധാരണ ചൂട് കൂടുതലുള്ള പുനലൂരിൽ 35.4 ഡിഗ്രിയും പാലക്കാട്ട് 31.7 ഡിഗ്രിയുമാണ്. കഴിഞ്ഞ സീസണിൽ വേനൽ മഴ 24 ശതമാനം കുറഞ്ഞു. എന്നാൽ ജൂൺ, ജൂലായ് മാസങ്ങളിൽ മാറി നിന്ന മഴ ആഗസ്റ്റ് മുതൽ ശക്തമായി. തുലാവർഷം 38 ശതമാനം അധികം പെയ്തു. ഇന്നലെ വരെയുള്ള കണക്കു പ്രകാരം 11.2 മില്ലീ മീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ പെയ്തത് 87.5 മില്ലീമീറ്ററാണ്.
കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകുന്നു
 പുഴകളിലെ ചെളിയും മണലുമെല്ലാം ഒഴുക്കെടുക്കുന്നു
 ഉരുളൻ കല്ലുകൾക്കും പാറക്കൂട്ടങ്ങൾക്കും സംഭരണ ശേഷിയില്ല
മരംവെട്ടിയതും പാറഖനനവും എല്ലാം പ്രതികൂലമായി
വെള്ളംഒഴുകിപ്പോകാനുള്ള മാർഗം മാത്രമായി നദികൾ
 
'' മാർച്ചിന് മുന്നേ കടുത്ത ചൂടിലേയ്ക്ക് പോകുന്നതിന്റെ സൂചനയാണിത്. സ്വാഭാവികവും അല്ലാത്തതുമായ കാലാവസ്ഥാ വ്യതിയാനമാണ് കാരണം. അതുമായി താദാത്മ്യം പ്രാപിക്കുക മാത്രമാണ് പോംവഴി. ഇപ്പോൾ നഗര, ഗ്രാമ വ്യത്യാസമില്ലാതെ താപ നില ഒരുപോലെയാണ്'' ഡോ.രാജഗോപാൽ കമ്മത്ത്, ശാസ്ത്ര നിരീക്ഷകൻ