chy

ചങ്ങനാ​ശേ​രി : അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെ​ടുത്തി ച​ങ്ങ​നാ​ശേ​രി റെ​യിൽ​വേ സ്റ്റേ​ഷനിൽ നടപ്പാക്കുന്ന ഒന്നാംഘട്ട വികസനപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. അഞ്ച് കോടി രൂ​പയാണ് ഇതിനായി ചെ​ല​വ​ഴിക്കുന്നത്. കാർ പാർ​ക്കിംഗ് ഏരിയയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിന് 100 മീറ്റർ നീളത്തിൽ വാട്ടർ ട്രെ​യി​നിംഗ് സംവിധാനം ഒരുക്കി. 3000 ചതുരശ്ര മീറ്ററിൽ പുതിയ കെട്ടിട​ത്തോട് ചേർന്ന് നിർമി​ക്കുന്ന കാർ പാർ​ക്കിംഗ് ഏരിയയുടെ നിർമ്മാണം പു​രോ​ഗ​തി​യി​ലാ​ണ്. പാർ​ക്കിംഗ് ഏരിയക്കുള്ള കോൺക്രീറ്റ് തറയുടെ ജോലികൾ പൂർത്തിയാ​യി. മേൽക്കൂരയുടെ നിർ​മാ​ണവും ഉടൻ ആരംഭിക്കും. മണ്ണിടിച്ചിൽ തടയുന്നതിന് 85 മീറ്റർ നീളത്തിൽ സ്‌​റ്റേഷന് മുൻപിൽ പുതിയ സംരക്ഷണ​ഭി​ത്തിയും , ചുറ്റിലുമായി അതിർത്തി മതി​ലു​കളും സ്ഥാപിച്ചു. റെയിൽവേ സ്‌​റ്റേഷന് ദേശീയപതാക ഉയർത്താൻ കൊടിമരം സ്ഥാപിക്കും.

ഒ​ന്നാം​ഘ​ട്ട​ത്തിൽ
ഒന്നാം പ്ലാറ്റ്‌ഫോമിൽ ഗ്രാനൈറ്റ് പാകുന്നതിനുള്ള ജോലികൾ ആരംഭിച്ചു. റെയിൽവേ സ്‌​റ്റേഷനിലേക്കുള്ള പ്രവേശനകവാടം സ്ഥാപിക്കുന്ന നിർമാണവും പുരോഗമിക്കുകയാ​ണ്. ട്രെയിനിന്റെ വിവരങ്ങൾ, സമയം അറിയിക്കുന്ന ലൈവ് എൽ.ഇ.ഡി ബോർ​ഡുകൾ, പ്ലാറ്റ്‌ഫോമിലെത്തി ഒന്നാം പ്ലാറ്റ്‌ഫോ​മിന് മുകളിലും പുതിയ കെട്ടിടത്തിലെ വി.ഐ.പി ലോഞ്ച് മുറി, ഓഫിസ് മുറികൾ എന്നിവിടങ്ങളിലും അലുമിനിയം പാനൽ ബോർഡുകൾ പാകുന്ന ജോലികളും അവസാനഘട്ടത്തിലാണ്. പ്ലാറ്റ് ഫോമിലുള്ള ഇരുമ്പ് തൂണുകൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പാനലിംഗ് ചെയ്​ത് മറയ്ക്കും.

ര​ണ്ടാം​ഘ​ട്ട​ത്തിൽ
അമൃത് ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ട​ത്തിൽ, ഗുഡ്‌ഷെഡ് റോഡിൽ നിന്ന് സ്‌​റ്റേഷനിലേക്ക് രണ്ടാം പ്രവേശനകവാടം നിർമി​ക്കും. വാഴൂർ റോഡിൽ നിന്നെത്തുന്നവർക്ക് ഇത് ഉപകാരപ്രദമാകും പുതിയ പ്രവേശനക​വാടം. റെയിൽവേ ഡിവിഷനൽ വർക്കിന്റെ നേതൃത്വത്തിൽ സ്‌​റ്റേഷനുള്ളിലെ രണ്ടാമത്തെ നടപ്പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ലി​ഫ്​റ്റിന്റെ നിർമ്മാണവും ഉടൻ ആരംഭി​ക്കും.

ജില്ലാ ആസ്ഥാനമായ സ്‌​റ്റേഷനുകൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും ച​ങ്ങ​നാ​ശേ​രി​യിൽ ഉറപ്പാക്കും. വിമാനത്താവളത്തിന് സമാനമായ വികസനപ്രവർത്തനങ്ങളും സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളുമാണ് പുരോഗമിക്കു​ന്ന​ത്.

കൊടിക്കുന്നിൽ സുരേഷ് എം.പി