
കോട്ടയം : കരിങ്കൽ ക്വാറി മേഖലയിലെ നിയന്ത്രണത്തെ തുടർന്ന് എം.സാന്റ് , പി സാന്റ്, കരിങ്കല്ല് വില ഉയർന്നത് നിർമ്മാണമേഖലയെ തളർത്തുന്നു. മുഴുവൻ തുകയും കണ്ടെത്തിയതിന് ശേഷം നിർമ്മാണം ആരംഭിച്ചവർക്ക് പോലും കടുത്ത വിലക്കയറ്റത്തിൽ അടിതെറ്റുകയാണ്. കരാർ എടുത്തവരും പറഞ്ഞ തുകയിൽ നിർമാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. 1850 രൂപ സ്ക്വയർ ഫീറ്റിന് ഉണ്ടായിരുന്നത് ഇപ്പോൾ 2400 മുതൽ 2600 രൂപയായി. 25000 രൂപയായിരുന്ന ഒരു ലോഡ് കരിരിങ്കല്ലിന് (ടോറസ് ) 28000 രൂപയായി. ദൂരം കൂടുന്നതനുസരിച്ച് ഇതിലും മാറ്റം വരും. മണ്ണ് എടുക്കുന്നതിന് നിയന്ത്രണം വന്നതും വില ഉയരാൻ ഇടയാക്കി. അതേസമയം സിമന്റ് വില താഴ്ന്നു. നിർമ്മാണ ജോലികൾ കൂടുമെന്ന് പ്രതീക്ഷിച്ച് സിമന്റ് കമ്പനികൾ ഉത്പാദനം വർദ്ധിപ്പിച്ചതനനുസരിച്ച് ആവശ്യകത കൂടിയില്ല. വില്പന കുറഞ്ഞതോടെ സിമന്റ് സൂക്ഷിക്കാൻ കഴിയില്ലെന്നു മനസിലാക്കിയാണ് കമ്പനികൾ വില താഴ്ത്താൻ നിർബന്ധിതരായത്. നേരത്തേ അന്യ സംസ്ഥാന കമ്പനികൾ കേരളത്തിലേക്ക് അയക്കുന്ന സിമന്റിന് തോന്നുംപടി വില കൂട്ടുകയായിരുന്നു. 440 വരെ ഉയർന്ന സിമന്റ് വില 390 രൂപവരെ താഴ്ന്നു.
പാതിവഴിയിൽ കുരുങ്ങി ലൈഫും
അടിയന്തരമായി പൂർത്തിയാക്കേണ്ട പ്രവൃത്തികൾ മാത്രമാണിപ്പോൾ നടക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്ന ബി.പി.എൽ കുടുംബങ്ങളെയും സാധാരണക്കാരെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു. നാല് ലക്ഷം രൂപയാണ് പദ്ധതി വഴി നൽകുന്നത്. 12 ലക്ഷം രൂപ വരെയാണ് നിർമാണച്ചെലവ്. തൊഴിലാളികുടെ കൂലിയിലും വർദ്ധനവുണ്ടായി. അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രതിദിനം 1000 രൂപയാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ നിർമ്മാണ ജോലികളും സ്തംഭിച്ചു. മുൻ ബില്ലുകൾ പാസാക്കാത്തതിനാൽ കരാറുകാരും പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. സ്വകാര്യ മേഖലയിലെ ഫ്ലാറ്റ്, വില്ല പദ്ധതികളെയും സാമ്പത്തിക മാന്ദ്യം ബാധിച്ചു.
വില ഇങ്ങനെ
മെറ്റൽ ഒരടിയ്ക്ക് : 58
പി.സാന്റ് ഒരടി : 60
എം.സാന്റ് ഒരടി : 68
പൂഴിമണ്ണ് : 10000
ചുടുകട്ട : 11.50 പൈസ
''കൊവിഡ് കാലത്തിന് സമാനമായ മാന്ദ്യമാണ് നിർമ്മാണ മേഖലയിൽ. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ബില്ലുകൾ പാസാക്കാത്തതിനാൽ പുതിയ കരാറുകൾ ഏറ്റെടുക്കാൻ കഴിയില്ല. നിർമ്മാണ വസ്തുക്കളുടെ വില കൂടിയെങ്കിലും 2018 ലെ നിരക്കാണുള്ളത്. കരിങ്കൽ , മണ്ണ് ക്ഷാമം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല.
അനിൽകെ കുര്യൻ (ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ )