
കോട്ടയം : ചക്കയ്ക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും കൊതി തീരെ തിന്നാൻ കിട്ടാനില്ല. വഴിയോരങ്ങളിൽ വില്പനയ്‌ക്കെത്തിയിട്ടുള്ള ചക്കയ്ക്കാകട്ടെ പൊള്ളുന്ന വിലയും. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ ചക്കയുടെ വിളവ് കുറവാണെന്ന് കച്ചവടക്കാർ പറയുന്നു.
ജില്ലയിൽ പലയിടത്തും ജനുവരിയായിട്ടും പ്ലാവുകളിൽ ചക്ക കായ്ച് തുടങ്ങിയിട്ടില്ല. വർഷം നിറയെ കായ്ക്കുന്ന പ്ലാവിൽ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമുള്ള സ്ഥിതിയാണ്. ചിലയിടങ്ങളിൽ അതുമില്ല. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ പല പ്രമുഖ കമ്പനികളും ചക്ക പ്രോസസിംഗ് യൂണിറ്റുകളും നെട്ടോട്ടത്തിലാണ്. ഡിസംബർ മുതൽ മേയ് വരെയാണ് ചക്ക സീസൺ. മൂപ്പെത്താത്ത ചെറിയ ചക്ക 50 രൂപയ്ക്കാണ് വിൽക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് വന്ന് ചരക്കിറക്കി തിരികെ പോകുന്ന ലോറിക്കാരും മൊത്തമായി ചക്ക വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. മലയോര മേഖലകളായ പൊൻകുന്നം, പാലാ, പാമ്പാടി, അയർക്കുന്നം, മണർകാട്, കറുകച്ചാൽ, നെടുംകുന്നം, മണിമല തുടങ്ങിയ പ്രദേശങ്ങളിലാണ് ചക്ക വ്യാപകമായി ഉണ്ടാകുന്നത്.
ആരോഗ്യത്തിനും ചക്ക
പ്രായദേശ വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്ന ചക്ക പോഷകത്തിന്റെ കാര്യത്തിൽ മുന്നിലാണ്. ജീവകങ്ങളും മൂലകങ്ങളും നാരുകളും നിറഞ്ഞതാണ്. പ്രമേഹരോഗികൾക്കും നല്ലതാണ്. ചക്കച്ചുളയിൽ രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും 74 ശതമാനം വെള്ളവും 23 ശതമാനം അന്നജവുമാണ്.
കിലോഗ്രാമിന് : 40 - 50
വില്ലനായത് മണ്ണ് ഘടനയിലെ മാറ്റം
കാലാവസ്ഥവ്യതിയാനവും, മണ്ണിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മ മൂലകങ്ങളായ ബോറോൺ, സിങ്ക്, സൾഫർ എന്നിവയുടെ കുറവുമാണ് വിളവിനെ ബാധിക്കുന്നത്. പ്രശ്നത്തിന് പരിഹാരമായി ഉപയോഗിക്കാവുന്ന വളങ്ങളായ ബോറോൺ, ഡോളോമീറ്റ് തുടങ്ങിയവ സഹകരണ ബാങ്കുകളിലെ വളക്കടകളിൽ നിന്ന് ലഭ്യമാകുന്നില്ല. വിലക്കൂടുതലും സാധാരണ കർഷകർക്ക് ഇത്തരം വളങ്ങൾ ഏത് അളവിൽ ഉപയോഗിക്കണമെന്നതും അറിയാത്തത് പ്രതിസന്ധിയ്ക്കിടയാക്കുന്നു. അഗ്രോ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല.
നാളികേരത്തിന്റെ സ്ഥിതിയും സമാനമാണ്. തേങ്ങ പാകമാകുന്നതിന് മുൻപ് പൊഴിഞ്ഞു പോകുകയാണ്. മുൻകാലങ്ങളിൽ 40 തെങ്ങിൽ നിന്ന് 300, 600 തേങ്ങകൾ വരെ ലഭിച്ചിരുന്നെങ്കിൽ ഇന്ന് 20 ൽ താഴെ മാത്രമാണ്.