വൈക്കം: വൈക്കം മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഫെബ്രുവരി 15ന് ആഘോഷിക്കും. കാവിലമ്മയുടെ ജന്മദിനമായ ഭരണിനാളിൽ തന്ത്രി മോനാട്ട് ചെറിയകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എ.വി ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 6ന് ദേവസ്വം വക കുംഭകുട അഭിഷേകം നടത്തും. 7 മുതൽ വിവിധ സാമുദായ സംഘടനകളുടെ കുംഭകുടങ്ങൾ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും.
വൈക്കം വണിക വൈശ്യസംഘത്തിന്റെ കുംഭകുടവും രാത്രി 8ന് ശേഷം ക്ഷേത്രനടയിലെത്തി സമർപ്പണം നടത്തും. തെക്കുപുറത്ത് കൊടുംകാളിക്ക് വലിയ ഗുരുതിയും ഉണ്ടാവും. ക്ഷേത്ര കാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി നേതൃത്വം നല്കും.

മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലക്ക് വണിക വൈശ്യസംഘം 27ാം നമ്പർ ശാഖ നടത്തുന്ന കുംഭകുടത്തിന്
മുന്നോടിയായുള്ള ഊരുചുറ്റ് കുംഭകുടം ഫെബ്രുവരി 9 മുതൽ 14 വരെ നടക്കും.
വൈക്കം കിഴക്കേനട മുത്താരമ്മൻ കോവിലിൽ 9ന് രാവിലെ 8 ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.
ഭരണിനാളിൽ രാവിലെ 9ന് തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കോവിലിലെ സർപ്പദേവതകൾക്ക് വാർഷിക പൂജയും നടത്തും.
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള കുംഭകുട ഘോഷയാത്ര ഉച്ചയ്ക്ക് 3.15 നും കുത്തിയോട്ടം 5നും ആരംഭിക്കും.
കുംഭഭരണി ദിനമായ 15ന് രാവിലെ 8ന് ദേശതാലപ്പൊലി 9ന് സർപ്പപൂജ ,12ന് പമ്പമേളം, 12.45ന് അന്നദാനം, 2ന് വിൽപ്പാട്ട്, 2.45ന് സോപാന സംഗീതം, 3.15ന് കുംഭം നിറക്കൽ.