
പാലാ : ഒരു കാലഘട്ടത്തിൽ ഏവർക്കും മധുരം പകർന്ന് മറഞ്ഞുപോയ ''കരൂർ കരിമ്പ്'' വീണ്ടും തിരികെ വരുന്നു. ഇവിടെ അന്യം നിന്ന കരിമ്പ് കൃഷിക്ക് പുനർജീവനം ഒരുക്കുകയാണ് കരൂർ പഞ്ചായത്തിലെ കർഷകർ. തൊണ്ടിയോടി ചെറുനിലം പാടശേഖരത്തിലെ 2.5 ഹെക്ടർ സ്ഥലത്താണ് കൃഷി പുനരാരംഭിച്ചത്. ഇതിന് ആവശ്യമായ നടീൽ തണ്ട് മറയൂരിൽ നിന്നാണ് കർഷകർ സമാഹരിച്ചത്. ഒരു കാലഘട്ടത്തിൽ കരൂർ, വലവൂർ മേഖലകൾ കരിമ്പ് കൃഷിയ്ക്ക് ഏറെ പ്രാധാന്യമുള്ള ഇടങ്ങളായിരുന്നു. എക്കൽ കലർന്ന പാടശേഖരവും തോടുമൊക്കെ ഇവിടുത്തെ കരിമ്പിന് സവിശേഷമായ മധുരം നൽകി. റബർ കൃഷി വളർന്നതോടെ പിന്നീട് ഈ കരിമ്പുകൃഷി നാമാവശേഷമായി. സംസ്ഥാന കൃഷിവകുപ്പ്, ഹോർട്ടി കൾച്ചർ മിഷൻ,ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾ എന്നിവരുടെ സഹകരണത്തോടെയാണ് വീണ്ടും കൃഷി ആരംഭിച്ചത്. കരൂർ പഞ്ചായത്തിലെ കൃഷിക്കാരുടെ കൂട്ടായ്മയായ മധുരിമ കൃഷിക്കൂട്ടത്തിനാണ് മേൽനോട്ടം. ഇവരുടെ നേതൃത്വത്തിൽ 5 വർഷത്തോളമായി നെൽകൃഷി വിജയകരമായി നടത്തുകയാണ്.
12 മാസം കഴിഞ്ഞാൽ വിളവെടുപ്പ്
കരിമ്പ് ഇവിടെത്തന്നെ സംസ്‌കരിച്ച് ശർക്കര, പാനി, ശീതള പാനീയം ഉൾപ്പെടെയുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. 12 മാസം കഴിഞ്ഞാൽ ഇതിന്റെ വിളവ് എടുക്കാൻ കഴിയും. കൂടുതൽ കൃഷിയിടങ്ങളിലേക്ക് കരിമ്പ് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് കർഷകർ പറഞ്ഞു. സന്തോഷ് കെ ബി, ജോസ് പൊന്നത്ത്, കെ.കെ. ശശീന്ദ്രൻ, കെ പി സജി, എം റ്റി സജി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. കരിമ്പു കൃഷി നടീൽ ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സമ്മേളനം കരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം അധ്യക്ഷത വഹിച്ചു.