കോട്ടയം: ജി.എസ്.റ്റി നിരക്ക് കുറയ്ക്കുക, അച്ചടി വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധധർണ നടത്തും.

കളക്ടറേറ്റിന് മുൻപിൽ നാളെ രാവിലെ 10ന് അച്ചടി സ്ഥാപന ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളും നടത്തുന്ന കൂട്ടധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എം.എൽ.എ, ഫ്രാൻസിസ് ജോർജ്ജ്, എബ്രാഹം കുര്യാക്കോസ്, പി.കെ. സുരേന്ദ്രൻ, കിൻഫ്രാ ചെയർമാൻ ജോർജ്ജുകുട്ടി അഗസ്തി തുടങ്ങിയവർ പ്രസംഗിക്കുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.അശോക് കുമാർ അറിയിച്ചു.