asha

പാലാ: പുലിയന്നൂർ ഗവ. ന്യൂ എൽ.പി സ്‌കൂളിലെ 'താരാട്ട് രാഗം" ഇന്ന് ഡൽഹി എൻ.സി.ഇ.ആർ.ടി ആസ്ഥാനത്തെ ദേശീയ വിദ്യാഭ്യാസ കോൺഫറൻസിൽ മുഴങ്ങും. രാജ്യത്തെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനായി എൻ.സി.ഇ.ആർ.ടി സംഘടിപ്പിക്കുന്ന ദേശീയ കോൺഫെറൻസിലേക്കാണ് സ്കൂളിന് ക്ഷണം ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ഗവ. എൽ.പി സ്‌കൂളാണിത്.

മാതാപിതാക്കളുടെ വ്യത്യസ്ത കഴിവുകൾ വിദ്യാർത്ഥികളുടെ അക്കാഡമിക് ശേഷി വികസനത്തിനായി പ്രയോജനപ്പെടുത്താൻ സ്‌കൂൾ ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച 'നീലാംബരി എ സിംഫണി" പദ്ധതിയാണ് ദേശീയ ശ്രദ്ധ ആകർഷിച്ചത്. കോട്ടയം ഡയറ്റിലെ മഞ്ജുവാണ് പുലിയന്നൂർ സ്‌കൂളിന്റെ മികവുകൾ കോൺഫറൻസിൽ അവതരിപ്പിക്കുക. മുത്തോലി ഗ്രാമപഞ്ചായത്തിനു കീഴിലെ സ്കൂളിൽ ഒരു കാലഘട്ടത്തിൽ വെറും അഞ്ചു കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ വ്യത്യസ്ത പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയതോടെ കുട്ടികളുടെ എണ്ണം ഇപ്പോൾ 55 ആയി ഉയർന്നു. നീതു എസ്.മറ്റം, അനില എബ്രാഹം, ബിൻസി.പി എന്നിവരും ഇവിടത്തെ അദ്ധ്യാപകരാണ്.

'നീലാംബരി എ സിംഫണി"

കുട്ടികൾക്കൊപ്പം സ്‌കൂളിലെത്തുന്ന മാതാപിതാക്കൾ പാഠപുസ്തകത്തിലെ കവിതകൾക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കും. ശേൽം കുട്ടികൾക്കൊപ്പം ചേർന്ന് പാഠപുസ്തകത്തിലെ കവിതകൾ കഥാപ്രസംഗമായി അവതരിപ്പിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വായന മത്സരം തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്.

വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതി ദേശീയ കോൺഫറൻസിലേക്ക് തിരഞ്ഞെടുത്തതിൽ അഭിമാനവും സന്തോഷവുമുണ്ട്. നേട്ടം രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസ മേഖലയ്ക്ക് സമർപ്പിക്കുന്നു.

-ആശാ ബാലകൃഷ്ണൻ,

ഹെഡ്മിസ്ട്രസ്